കൊട്ടാരക്കര: ആംബുലന്‍സ് ജീവനക്കാരുടെ കരുതലില്‍ 108 ആംബുലന്‍സില്‍ യുവതിയ്ക്ക് സുഖപ്രസവം. യുവതി ആണ്‍കുഞ്ഞിന് ജന്മം നല്കി. നെല്ലിക്കുന്നം പുളിത്താനം സ്വദേശി വിനുവിന്റെ ഭാര്യ സിന്ധു(32) ആണ് ആംബുലന്‍സിന് ഉള്ളില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
വ്യാഴാഴ്ച വൈകീട്ട് രണ്ടേ മുക്കാലോടെ സിന്ധുവിന് പ്രസവവേദന അനുഭവപ്പെട്ടത്തിനെ തുടര്‍ന്ന് വീട്ടുകാര്‍ 108 ആംബുലന്‍സിന്റെ സേവനം തേടുകയായിരുന്നു.
തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ കണ്ട്രോള് റൂമില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ 108 ആംബുലന്‍സ് എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന് ഇന്ദു ദേവി, പൈലറ്റ് സന്തോഷ് കുമാര്‍ എന്നിവര്‍ സ്ഥലത്തേക്ക് തിരിച്ചു. അഞ്ച് മിനിറ്റുകൊണ്ട് ആംബുലന്‍സ് സ്ഥലത്തെത്തി.
റോഡില്‍ നിന്ന് കുത്തിറക്കമുള്ള സ്ഥലത്താണ് സിന്ധുവിന്റെ വീട് സ്ഥിതിചെയ്യുന്നത്. ആംബുലന്‍സ് എത്തിപ്പെടാന്‍ കഴിയാത്ത അവസ്ഥയാണ്. സിന്ധുവിന്റെ അടുത്തെത്തി ആംബുലന്‍സ് എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന് ഇന്ദുദേവി നടത്തിയ പരിശോധനയില്‍ ആരോഗ്യനില മോശമാണെന്നും ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റണമെന്നും കണ്ടെത്തി.
തുടര്‍ന്ന് ആംബുലന്‍സ് പൈലറ്റ് സന്തോഷ് കുമാറും പ്രദേശവാസികളും ചേര്‍ന്ന് സിന്ധുവിനെ സ്ട്രക്ച്ചറില്‍ ചുമന്ന് കയറ്റം കയറി മുകളിലെത്തിച്ച് ആംബുലന്‍സിലേക്ക് മാറ്റി. സിന്ധുവിന്റെ ആരോഗ്യസ്ഥിതി കൂടുതല്‍ വഷളായതിനെ തുടര്‍ന്ന് എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന് ഇന്ദു ആംബുലന്‍സിന് ഉള്ളില്‍വച്ച് 3 മണിയോടെ പ്രസവമെടുക്കുകയായിരുന്നു.
പ്രഥമശുശ്രൂഷ നല്കിയ ശേഷം അമ്മയെയും കുഞ്ഞിനെയും ഉടന്‍ തന്നെ ആംബുലന്‍സ് പൈലറ്റ് സന്തോഷ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
Discussion about this post