കോഴിക്കോട്: ചിരിച്ചു കളിച്ചുകൊണ്ട് മുറ്റത്ത് ഓടി കളിക്കുന്ന അഫ്ന തിരിച്ചെത്തുന്നതും പ്രതീക്ഷിച്ചുള്ള ആമിനയുടെ കാത്തിരിപ്പ് തുടങ്ങിയിട്ട് പതിനാറ് ദിവസമായി. വീടിനകത്ത് കിടന്നുറങ്ങുമ്പോൾ പാമ്പ് കടിയേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ് ഒമ്പതുവയസുകാരി അഫ്ന. ഈ കുട്ടിയുടെ ജീവൻ രക്ഷിക്കാനായി ഒരു നാടാകെ കൈകോർക്കുകയാണ്. കോഴിക്കോട് ബാലുശ്ശേരി പുത്തൂർവട്ടം സ്വദേശി ഷാനിഫയുടെ മകൾ അഫ്നയുടെ ചികിത്സയ്ക്കാണ് നാട്ടുകാർ സഹായം തേടുന്നത്.
പാമ്പ് കടിയേറ്റ അഫ്ന രണ്ടാഴ്ചയിലേറെയായി സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കുട്ടിയുടെ ആരോഗ്യസ്ഥിതി വഷളാകുമ്പോൾ വീട്ടുകാരുടെ ഉള്ളിൽ നോവാണ്. സഹായിക്കാൻ ഒരു നാടാകെ ഒപ്പമുള്ളതാണ് കുടുംബത്തിന്റെ പ്രതീക്ഷ. ഈ പിന്തുണയാണ് ഇവരുടെ കരുത്ത്.
കഴിഞ്ഞമാസം 29ന് രാത്രിയിലാണ് കിടപ്പുമുറിയിൽ വച്ച് അഫ്നയ്ക്ക് പാമ്പ് കടിയേറ്റത്. കൈയ്യിലും കാലിലുമായി നാലിടത്ത് കടിയേറ്റു. സമീപത്തെ കുറ്റിക്കാട്ടിൽ നിന്ന് പാമ്പ് ചുവരിലൂടെ ഇഴഞ്ഞെത്തിയെന്നാണ് നിഗമനം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ്. ചികിത്സയ്ക്കായി ഒരുദിവസം 65000ലധികം രൂപയാണ് ചെലവ്. കൊവിഡ് തടസങ്ങൾക്കിടയിലും നാട്ടുകാർ ചികിത്സാ സഹായനിധി ശേഖരിക്കാൻ മുന്നിട്ടിറങ്ങുകയാണ്. അഫ്നയെ തിരിച്ചുകൊണ്ടുവരാനായി ഒരു നാടാകെ കരുതലോടെ പ്രവർത്തിക്കുകയാണ്.
Discussion about this post