തിരുവനന്തപുരം: ജന്മഭൂമി പത്രത്തിനെതിരെ ഡിജിപിക്ക് പരാതി നല്‍കി മുന്‍ എംപി എ സമ്പത്ത്. വ്യാജ വാര്‍ത്ത നല്‍കിയെന്നാരോപിച്ചാണ് പത്രത്തിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. ‘എ സമ്പത്തും വിളിച്ചു; ജോണ്‍ ബ്രിട്ടാസിനെയും എംസി ദത്തനേയും ചോദ്യം ചെയ്യും’ എന്ന തലക്കെട്ടോടു കൂടിയുള്ള വാര്‍ത്തയ്ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്.
ജൂലൈ 10 നാണ് ജന്മഭൂമി ഓണ്‍ലൈനില്‍ ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. കോണ്‍സുലേറ്റിന്റെ പേരില്‍ വന്ന കാര്‍ഗോ ബാഗ് വിട്ടുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് ഉദ്യോഗസ്ഥരെ മുന്‍ എംപി സമ്പത്ത് വിളിച്ചിരുന്നു. ഈ ഇടപെടല്‍ എന്തിനാണെന്ന് അദ്ദേഹത്തിന് വിശദീകരിക്കേണ്ടി വരും- എന്നായിരുന്നു വാര്‍ത്തയില്‍ പറഞ്ഞിരുന്നത്.
കൂടാതെ വാര്‍ത്തയോടൊപ്പം എ സമ്പത്തിന്റെ ഫോട്ടോയും ജന്മഭൂമി പ്രസിദ്ധീകരിച്ചിരുന്നു. ജന്മഭൂമിയുടെ നടപടി കേരള പോലീസ് ആക്ട് 120(0) പ്രകാരം ശിക്ഷാര്‍ഹമാണെന്ന് അദ്ദേഹത്തിന്റെ പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്. വാര്‍ത്ത വാസ്തവ വിരുദ്ധവും അടിസ്ഥാനരഹിതവുമാണ്. മനപൂര്‍വം തന്നെ അപമാനിക്കാനാണ് ഇത്തരം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.