തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ച 722 കൊവിഡ് കേസുകളില്‍ 339 കേസുകളും തിരുവനന്തപുരത്താണ്. ഇതോടെ ജില്ലയിലെ കൊവിഡ് രോഗികളുടെ എണ്ണം 1000 കടന്നു. ഇതില്‍ 317 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ് എന്നത് കൂടുതല്‍ ആശങ്ക സൃഷ്ടിക്കുന്നു.
സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ച് ആരോഗ്യപ്രവര്‍ത്തകരുമുണ്ട്. കൂടാതെ ഉറവിടം അറിയാത്ത 16 കേസുകളും ഉള്‍പ്പെടുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തുള്ള ഹൈപ്പര്‍ മാര്‍ക്കറ്റിലെ 61 ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇന്ന് ഇവിടുത്തെ 17 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഹൈപ്പര്‍ മാര്‍ക്കറ്റിലെ നിരവധി പേരുടെ ഫലം വരാനുണ്ടെന്നും ഗുരുതരമായ സാഹചര്യമാണ് അവിടെയുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജില്ലയില്‍ വിവിധ പ്രദേശങ്ങളില്‍ നിന്നും ദിവസേന നൂറ് കണക്കിന് ആളുകളാണ് ഈ സ്ഥാപനത്തില്‍ വന്നു പോകുന്നത്. ഇവരെ കണ്ടെത്തുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. അതിനാല്‍ ഈ ദിവസങ്ങളില്‍ ഈ കടയില്‍ പോയി തുണി വാങ്ങിയവര്‍ ഉടന്‍ അടുത്തുള്ള ആരോഗ്യകേന്ദ്രത്തില്‍ ബന്ധപ്പെടണം. പരിശോധനയക്ക് സ്വയമേ മുന്നോട്ട് വരണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
Discussion about this post