ആലപ്പുഴ: അമ്മയും മക്കളും കേണപേക്ഷിച്ചും പിതാവ് വീട്ടിലെ ടിവി തല്ലിപൊളിച്ചതോടെ നഷ്ടപ്പെട്ടത് കുടുംബത്തിന്റെ സ്വസ്ഥത മാത്രമല്ല, വിദ്യാര്‍ത്ഥികളുടെ പഠനം കൂടിയാണ്. ആലപ്പുഴയിലാണ് സംഭവം. കുട്ടികള്‍ ഓണ്‍ലൈന്‍ ക്ലാസ് കണ്ടുകൊണ്ടിരുന്ന ടിവിയാണ് മദ്യപിച്ചെത്തിയ പിതാവ് തല്ലി പൊളിച്ചത്. പുന്നപ്രയില്‍ കഴിഞ്ഞ രാത്രിയിലായിരുന്നു സംഭവം.
വിക്ടേഴ്സ് ചാനലില്‍ മലയാളം അധ്യാപികയുടെ ഈണം കേട്ടിരിക്കുകയായിരുന്നു ഏഴാം ക്ലാസുകാരിയായ മൂത്ത കുട്ടി. അരികില്‍ അഞ്ചാം ക്ലാസുകാരനായ അനുജനും വായിക്കുന്നുണ്ടായിരുന്നു. അലര്‍ച്ച കേട്ട് കുട്ടികള്‍ നോക്കുമ്പോള്‍ ആഴ്ചകള്‍ക്കുശേഷമുള്ള അച്ഛന്റെ വരവാണ്. കൈകള്‍ വാതിലില്‍ ആഞ്ഞടിച്ചുള്ള അച്ഛന്റെ വരവ് കണ്ടതോടെ പകച്ച് നില്‍ക്കുകയായിരുന്നു കുട്ടികള്‍. തലേന്നുവെച്ച ചോറ് തിളപ്പിച്ചൂറ്റുകയായിരുന്ന അമ്മ ഭയത്തോടെ മുന്നിലേക്കുവന്ന് കുഞ്ഞുങ്ങള്‍ പഠിക്കുന്നത് ഓര്‍ത്തെങ്കിലും ഒച്ചവെക്കല്ലേ എന്ന് കാലുപിടിച്ച് പറഞ്ഞു.
എന്നാല്‍ മക്കളെ നോക്കാതെ അയാള്‍ ഭാര്യക്കുനേരെ ഒച്ചയെടുത്തു. കുട്ടികളുടെ പുസ്തകങ്ങളും ചവിട്ടിയരച്ചു. പിന്നെ, അവര്‍ കണ്ടുകൊണ്ടിരുന്ന ടിവി എടുത്ത് തല്ലിപൊളിക്കുകയായിരുന്നു. കരഞ്ഞ് തളര്‍ന്ന കുട്ടികള്‍ക്ക് ഒടുവില്‍ ആശ്വസമായി എത്തിയത് അധ്യാപികയും കൂട്ടുകാരും ആയിരുന്നു. പുന്നപ്ര ഗവ. സിവൈഎംഎ സ്കൂള്‍ അധ്യാപിക എസ് സിന്ധു തന്റെ കൂട്ടുകാരുടെ സഹകരണത്തോടെ ഒരു ടിവിയും ഡിഷും വാങ്ങിക്കൊടുത്ത് കുട്ടികളെ സമാധാനിപ്പിക്കുകയായിരുന്നു.
Discussion about this post