അയ്യനെ കാണാന്‍ എട്ടാം തവണയും കാല്‍നടയായി നവീന്‍ എത്തി; യാത്ര മുടക്കാതെ ഈ വര്‍ഷവും ഒപ്പം കൂടി ‘ശ്വാനസേനയും’ !

ഒരു നിയോഗം പോലെ ഏതെങ്കിലും ഭാഗത്തുനിന്ന് ഒരു നായ കൂടെ ഉണ്ടാവും. ഇത്തവണ പരിവ് തെറ്റിയില്ല. പക്ഷേ നായയുടെ എണ്ണം ഒന്നില്‍ നിന്ന് രണ്ടായെന്നു മാത്രം.

ശബരിമല: ശബരിമലയില്‍ കഴിഞ്ഞ രണ്ട് മണ്ഡലകാലത്തും ബേപ്പൂര്‍ അരക്കിണര്‍ സ്വദേശി നവീന്റെ കാല്‍നട യാത്രയില്‍ കൂട്ടായി എത്തിയത് നായ്ക്കള്‍ ആയിരുന്നു. ഇരുമുടിക്കെട്ടുമായി നവീന്‍ കാല്‍ നടയാത്ര തുടങ്ങിയാല്‍ പിന്നെ ഒന്നും നോക്കാനില്ല. ഒരു നിയോഗം പോലെ ഏതെങ്കിലും ഭാഗത്തുനിന്ന് ഒരു നായ കൂടെ ഉണ്ടാവും. ഇത്തവണ പതിവ് തെറ്റിയില്ല. പക്ഷേ നായയുടെ എണ്ണം ഒന്നില്‍ നിന്ന് രണ്ടായെന്നു മാത്രം.

ഒന്‍പത് ദിവസം മുമ്പാണ് ബേപ്പൂര്‍ പാറപ്പുറം ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നിന്ന് ഇരുമുടിക്കെട്ടുമേന്തി നവീന്‍ ശബരിമലയിലേക്ക് കാല്‍നട യാത്ര തുടങ്ങിയത്. തിരൂരെത്തിയപ്പോള്‍ ആദ്യത്തെ നായ് ഒപ്പം നടന്നു തുടങ്ങി. ആദ്യമൊക്കെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പിന്‍വാങ്ങിയില്ല. ഇരുവരുടെയും യാത്ര ഗുരുവായൂര്‍ എത്തിയപ്പോള്‍ അടുത്തയാളും ചേര്‍ന്നു. താന്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ ഒരു വിഹിതവും വെള്ളവും നല്‍കി ഇരുവര്‍ക്കും നവീന്‍ നല്ല കരുതലേകി. ഇന്നലെ രാത്രി 7.30 ഓടെയാണ് മൂവര്‍ സംഘം സന്നിധാനത്തെത്തിയത്.

കെഎസ്ഇബിയില്‍ മീറ്റര്‍ റീഡറായ നവീന്‍ 22 വര്‍ഷമായി മുടങ്ങാതെ ശബരിമല ദര്‍ശനത്തിന് എത്തുന്നു. ഇതില്‍ എട്ടുതവണയും കാല്‍നട യാത്രയാണ്. 2016 ലാണ് ശബരിമല യാത്രയ്ക്ക് ‘സൗജന്യശ്വാനസേവനം’ കിട്ടുന്നത്. മൂകാംബിയില്‍ നിന്നാണ് അന്ന് കെട്ടുനിറച്ചത്. 16 ദിവസത്തെ യാത്രയായിരുന്നു. മംഗലാപുരത്തെത്തിയപ്പോഴാണ് ഒരു നായ കൂടെക്കൂടിയത്. തന്നെ വിടാതെ പിന്തുടരുന്നുവെന്ന് തോന്നിയപ്പോള്‍ ഓടിക്കാന്‍ നോക്കി. പക്ഷെ പിന്തിരിയാന്‍ കൂട്ടാക്കിയില്ല. സന്നിധാനംവരെ ഒരു ക്ഷീണവും കാട്ടാതെ നടന്നു. അതോടെ നായയെ വിടാന്‍ നവീനും മനസുവന്നില്ല.

ബസില്‍ കയറ്റി തിരികെ വീട്ടിലേക്ക് കൊണ്ടുപോയി. ‘മാളികപ്പുറ’മെന്ന് പേരിട്ടു. ‘മാളു ‘എന്ന വിളിപ്പേരുമായി അത് ഇപ്പോഴും വീട്ടില്‍ സ്വസ്ഥം. കഴിഞ്ഞ വര്‍ഷം പറശിനിക്കടവില്‍ നിന്നാണ് കെട്ടുനിറച്ചത്. കണ്ണൂരെത്തി അല്പം കൂടി നടന്നപ്പോള്‍ കാലില്‍ എന്തോ തട്ടി. നോക്കിയപ്പോള്‍ അല്പം മുടന്തുമായി ഒരു നായ. യാതൊരു വിഷമതയും കാട്ടാതെ അത് നവീന്റെ ചുവടിനൊപ്പം യാത്ര ചെയ്തു. പക്ഷെ ജന്മനാ മുടന്തുള്ള അതിനെ ഇത്ര ദൂരം നടത്തിക്കാന്‍ മനസുവന്നില്ല. ഒരു സുഹൃത്തിനെ വിളിച്ച് കൈമാറി. ഇക്കുറി ഒപ്പമുള്ള രണ്ടുപേരെ തിരികെ നാട്ടിലേക്ക് എങ്ങിനെ എത്തിക്കുമെന്നതിനെക്കുറിച്ചൊക്കെ ദര്‍ശനം കഴിഞ്ഞ് തീരുമാനിക്കുമെന്ന് നവീന്‍ പറയുന്നു.

Exit mobile version