തൃശ്ശൂര്‍: കൊവിഡ് പോസിറ്റീവായ ദമ്പതികളുടെ, മുലകടി മാറാത്ത കുഞ്ഞിനെ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തി സ്‌നേഹിച്ച ഡോ. മേരി അനിതയുടെ സ്‌നേഹത്തിന് സാക്ഷിയായവരാണ് നമ്മള്‍. രോഗമുക്തി നേടി തിരിച്ചു വന്ന ദമ്പതികള്‍ക്ക്, കുരുന്നിനെ തിരിച്ചേല്‍പ്പിക്കുമ്പോള്‍ വിതുമ്പിയ മേരിക്ക് ഒപ്പം കരഞ്ഞവരാണ് അതു കണ്ട് നിന്ന മലയാളികളും. കുഞ്ഞിനെ ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തി സ്‌നേഹിച്ചതിലൂടെ അമ്മയാകാന്‍ പ്രസവിക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് സമൂഹത്തെ പഠിപ്പിക്കുക കൂടിയാണ് ഡോ.മേരി ചെയ്തത്.
ഈ പശ്ചാത്തലത്തില്‍ സന്ദീപ് ദാസ് എഴുതിയ കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ഒരു കുഞ്ഞിന് ജന്മംനല്‍കിയാല്‍ മാത്രമേ സ്ത്രീയ്ക്ക് പൂര്‍ണ്ണത കൈവരികയുള്ളൂ എന്ന വാദം തെറ്റാണെന്ന് ഡോക്ടര്‍ മേരി കാണിച്ചു തന്നിരിക്കുന്നു. അതുകൊണ്ട് കുഞ്ഞുങ്ങളില്ലാത്ത സ്ത്രീകളെ പരിഹസിക്കരുതെന്ന് സന്ദീപ് പറയുന്നു. അവരെ വേദനിപ്പിക്കരുത്. അപൂര്‍ണ്ണരെന്ന് വിധിച്ചുകളയരുതെന്നും അമ്മയാകാന്‍ പ്രസവിക്കണമെന്ന് നിര്‍ബന്ധമില്ലെന്നും സന്ദീപ് കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സന്ദീപ് ഇക്കാര്യം പറഞ്ഞത്.
ഫേസ്ബുക്ക് പോസ്റ്റ്:
ദിനംപ്രതി കൂടിവരുന്ന കോവിഡ് ബാധയില്‍ നാമെല്ലാവരും ഉരുകിയൊലിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു കുളിര്‍കാറ്റുപോലെ വന്ന ചിത്രമാണിത്. ചെറുതെങ്കിലും മധുരവും സുഖവും ഉള്ളൊരു കാറ്റ്!
കൊറോണയുടെ തേര്‍വാഴ്ച്ച ആരംഭിച്ചതിനുശേഷം വിശ്രമമില്ലാതെ ജോലി ചെയ്യുന്ന വിഭാഗമാണ് നഴ്‌സുമാര്‍. എല്‍ദോസ്-ഷീന ദമ്പതിമാര്‍ ആ വിഭാഗത്തിന്റെ പ്രതിനിധികളാണ്.വെള്ളക്കുപ്പായമിട്ട് കോവിഡ് രോഗികളെ പരിചരിക്കുന്നതിനിടയില്‍ എല്‍ദോസിനും ഷീനയ്ക്കും രോഗം പകര്‍ന്നു.
ഇതോടെ അവരുടെ മകന്‍ എല്‍വിന്‍ കഷ്ടത്തിലായി. മുലകുടി മാറിയിട്ടില്ലാത്ത,മാസങ്ങള്‍ മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞ്. മാതാപിതാക്കളുടെ അസുഖം മാറുന്നത് വരെ അവനെ ആരാണ് വളര്‍ത്തുക എന്ന ചോദ്യം ഉത്തരമില്ലാതെ കിടന്നു. കുഞ്ഞിനെ ഏറ്റെടുക്കാന്‍ സാധിക്കുന്ന ബന്ധുക്കളോ സുഹൃത്തുക്കളോ ഒന്നും എല്‍ദോസിനോ ഷീനയ്‌ക്കോ ഉണ്ടായിരുന്നില്ല. എല്‍വിന് രോഗം ബാധിച്ചില്ല എന്നത് മാത്രമായിരുന്നു ഏക ആശ്വാസം.
ആ പ്രതിസന്ധിഘട്ടത്തില്‍ ഡോ.മേരി അനിത രക്ഷകയായി അവതരിച്ചു.എല്‍വിനെ മേരി ഏറ്റെടുത്തു.ഒരു മാസം സ്വന്തം മകനെപ്പോലെ അവനെ വളര്‍ത്തി.എല്‍ദോസും ഷീനയും രോഗമുക്തി നേടി തിരിച്ചെത്തിയപ്പോള്‍ കുഞ്ഞിനെ മേരിയ്ക്ക് കൈമാറേണ്ടിവന്നു.
ആ നിമിഷത്തില്‍ മേരി പൊട്ടിത്തകര്‍ന്നുപോയി.കണ്ണുനീര്‍ ധാരധാരയായി ഒഴുകി.അതിന്റെ സ്മാരകമാണ് ഈ ചിത്രം! പലതവണ പലരും പറഞ്ഞതാണെങ്കിലും ആവര്‍ത്തിക്കാതെ വയ്യ.മാതൃത്വത്തേക്കാള്‍ കരുത്തുള്ള എന്തെങ്കിലുമൊന്ന് ഈ ലോകത്തിലുണ്ടോ?
അമ്മയാകാന്‍ പ്രസവിക്കണമെന്ന് നിര്‍ബന്ധമില്ല.ഒരു കുഞ്ഞിന് ജന്മംനല്‍കിയാല്‍ മാത്രമേ സ്ത്രീയ്ക്ക് പൂര്‍ണ്ണത കൈവരികയുള്ളൂ എന്ന വാദം തെറ്റാണ്.പ്രസവിക്കാന്‍ സാധിക്കാത്ത സ്ത്രീകളുണ്ട്. അത് അവരുടെ കുറ്റമല്ല. മനുഷ്യരുടെ നിയന്ത്രണത്തിലുള്ള കാര്യമല്ല അത്.എന്നിട്ടും ആ പാവങ്ങളെ ക്രൂരമായി അധിക്ഷേപിക്കുന്നത് കണ്ടിട്ടില്ലേ?
പ്രസവിക്കാത്ത സ്ത്രീകളെ’മച്ചി’എന്നൊക്കെ വിളിച്ച് ആനന്ദം കണ്ടെത്തുന്നവരുണ്ട്.”വിത്ത് എത്ര നല്ലതായാലും ഫലഭൂയിഷ്ഠമായ മണ്ണ് ഇല്ലെങ്കില്‍ എന്തു കാര്യം?”എന്നൊക്കെ’തമാശ’പറയുന്നവരുമുണ്ട്.വന്ധ്യത ഭര്‍ത്താവിനാണെങ്കില്‍പ്പോലും ഭാര്യ പഴികേള്‍ക്കുന്ന സമൂഹമാണിത് !
അങ്ങനെ അകാരണമായി ക്രൂശിക്കപ്പെടുന്ന പ്രസവിക്കാത്ത സ്ത്രീകളുടെ കൈവശം ഒരു കുഞ്ഞിനെ വെച്ചുകൊടുത്തുനോക്കൂ.അവരുടെ മുഖം പൂര്‍ണ്ണചന്ദ്രനെപ്പോലെ പ്രകാശിക്കുന്നത് കാണാം.ആ കുഞ്ഞിന് കിട്ടുന്ന ലാളനയും കരുതലും എല്ലാ പരിധികളും ലംഘിച്ച് പരന്നൊഴുകുന്നതും കാണാം!
കണ്ണുതുറന്ന് നോക്കിയാല്‍ അറിയാം.ഒരുപാട് മേരി അനിതമാര്‍ നമുക്കിടയില്‍ ജീവിക്കുന്നുണ്ട്.അവര്‍ക്ക് അര്‍ഹിക്കുന്ന സ്‌നേഹവും ബഹുമാനവും കിട്ടിയിട്ടില്ല.
അതുകൊണ്ട് കുഞ്ഞുങ്ങളില്ലാത്ത സ്ത്രീകളെ പരിഹസിക്കരുത്.അവരെ വേദനിപ്പിക്കരുത്.അപൂര്‍ണ്ണരെന്ന് വിധിച്ചുകളയരുത്.അങ്ങനെയുള്ളവരുടെ മാതൃഭാവത്തിന് മാര്‍ക്കിടാന്‍ ശ്രമിക്കരുത്.
കൊറോണ എത്ര ബലംപിടിച്ചാലും അന്തിമജയം നമുക്കായിരിക്കും. ഒരു നാടുമുഴുവന്‍ പ്രകാശപൂരിതമാവാന്‍ ഇതുപോലെ ഒന്നോ രണ്ടോ പേര്‍ മതിയല്ലോ.
Written by-Sandeep Das