കടയ്ക്കാവൂർ: വീട്ടുമുറ്റത്തെ മുപ്പത് അടി താഴ്ചയുള്ള കിണറ്റിലേക്ക് വീണ കുഞ്ഞിനെ കിണറ്റിലേക്ക് എടുത്തുടാടി സാഹസികമായി രക്ഷിച്ച് പതിനേഴുകാരൻ. കുഞ്ഞ് കിണറ്റിൽ വീണതുകണ്ട് രക്ഷിക്കാനാകാതെ കരയിൽ നിസഹായരായി നിന്നവർക്കിടയിലൂടെ സ്വന്തം ജീവൻ പണയം വെച്ച് ഷൈജു കിണറ്റിലേക്ക് ചാടി കുഞ്ഞിനെ കോരിയെടുക്കുകയായിരുന്നു. അതിസാഹസത്തിലൂടെ മൂന്ന് മാസംപ്രായമായ കുഞ്ഞിന്റെ ജീവനാണ് ഷൈജു രക്ഷിച്ചെടുത്തത്. കടയ്ക്കാവൂർ ചാവടിമുക്ക് ആയുർവേദാശുപത്രിക്കു സമീപം കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ചാവടിമുക്ക്, പുതുശ്ശേരി മഠത്തിൽ ഷാജിയുടെയും ചന്ദ്രികയുടെയും മകനാണ് ഷൈജു.
കടയ്ക്കാവൂർ പഞ്ചായത്ത് 12ാം വാർഡിൽ ചാവടിമുക്കിനു സമീപം നമ്പ്യാതിവിളയിൽ ബിജുവിന്റെയും രമ്യ കൃഷ്ണന്റെയും മൂന്നുമാസം പ്രായമുള്ള മകൻ കാശിനാഥനാണ് അബദ്ധത്തിൽ അമ്മയുടെ കൈയിൽനിന്നു വഴുതി വീട്ടുമുറ്റത്തെ കിണറ്റിലേക്ക് വീണത്. കുഞ്ഞിനെ കുളിപ്പിക്കാനായി എണ്ണ തേപ്പിച്ചശേഷം തിണ്ണയിൽ വച്ചിരുന്ന ചൂടുവെള്ളം എടുക്കാനായി കുനിഞ്ഞപ്പോഴാണ് അമ്മയുടെ കൈയിൽനിന്നു വഴുതി കുഞ്ഞ് കിണറ്റിൽ വീണത്. ഇതു കണ്ട് അലറിക്കരഞ്ഞുകൊണ്ട് അമ്മ ബോധരഹിതയായി വീണു. കരച്ചിൽ കേട്ട് സമീപവാസികളായ സ്ത്രീകൾ ഓടിക്കൂടിയെങ്കിലും എല്ലാവരും എന്തുചെയ്യണമെന്നറിയാതെ നിസ്സഹായരായിരുന്നു. വീട്ടമ്മയുടെ സഹോദരീ ഭർത്താവ് കിണറ്റിലിറങ്ങാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. ഇതിനിടെയാണ് രക്ഷകനായി അയൽവാസിയായ ഷൈജു ബഹളം കേട്ട് ഓടിയെത്തിയത്. കുഞ്ഞ് വെള്ളത്തിൽ മുങ്ങിപ്പൊങ്ങുന്നതു കണ്ടപ്പോൾ ഷൈജു കൂടുതൽ ഒന്നും ആലോചിച്ചില്ല, കിണറ്റിലേക്ക് എടുത്തുചാടി ഷൈജു കിണറ്റിൽ മുങ്ങി കുഞ്ഞിനെ വാരിയെടുക്കുകയായിരുന്നു. നിറയെ വെള്ളമുണ്ടായിരുന്ന കിണർ പുല്ലു വളർന്ന് കാഴ്ച മറയ്ക്കുന്ന നിലയിലായിരുന്നു. കുഞ്ഞിനെയുംകൊണ്ട് ഷൈജു ഒറ്റയ്ക്കുതന്നെ കിണറിനു മുകളിലെത്തുകയും ചെയ്തു.
അപ്പോഴേക്കും വിവരമറിഞ്ഞ് കടയ്ക്കാവൂർ പോലീസ് സ്ഥലത്തെത്തിയിരുന്നു. കുഞ്ഞിനെ പോലീസ് ജീപ്പിൽ ആശുപത്രിയിലെത്തിക്കാൻ തയ്യാറാകുന്നതിനിെട സമീപത്തെ ആംബുലൻസ് ഡ്രൈവർ മനു സ്ഥലത്തെത്തി പ്രഥമശുശ്രൂഷ നൽകി. തുടർന്ന് ചെറിയ അനക്കം കിട്ടിയ കുഞ്ഞിനെ മനു ആംബുലൻസിൽ ചിറയിൻകീഴ് താലൂക്കാശുപത്രിയിലെത്തിച്ചു. അവിടെനിന്ന് എസ്എടി ആശുപത്രിയിലും പ്രവേശിപ്പിച്ചു. രണ്ടു ദിവസം തീവ്രപരിചരണ വിഭാഗത്തിലും മൂന്നുദിവസം നിരീക്ഷണത്തിലുമായിരുന്ന കുഞ്ഞിനെ കഴിഞ്ഞദിവസം വീട്ടിൽ തിരിച്ചെത്തിച്ചു.
ഇതിനിടെ, കുഞ്ഞിനെ സ്വന്തം ജീവൻ പോലും മറന്ന് സാഹസികമായി മുങ്ങിയെടുത്ത ഷൈജുവിനെ കടയ്ക്കാവൂർ പോലീസ് ബുധനാഴ്ച ആദരിച്ചു. ആറ്റിങ്ങൽ ഡിവൈഎസ്പി സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ കടയ്ക്കാവൂർ സിഐ ആർ ശിവകുമാർ, എസ്ഐ വിനോദ് വിക്രമാദിത്യൻ, എഎസ്ഐ മഹേഷ്, സീനിയർ സിപിഒ ജുഗുനു, ഡീൻ എന്നിവർ പങ്കെടുത്തു.
ചിത്രം കടപ്പാട്: മാതൃഭൂമി