കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ സമ്പര്‍ക്ക രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങളുമായി ജില്ലാ ഭരണകൂടം. ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിനായി ജില്ലയിലെ മുഴുവന്‍ മാര്‍ക്കറ്റുകളും ഇനി മുതല്‍ പോലീസ് നിയന്ത്രണത്തിലായിരക്കും പ്രവര്‍ത്തിക്കുക. ഇന്ന് മുതല്‍ കടകള്‍ രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറ് മണി വരെ മാത്രമേ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയുള്ളൂ. മാസ്ക് ധരിക്കാത്തവര്‍ക്കെതിരെയും സാമൂഹ്യ അകലം പാലിക്കാത്തവര്‍ക്കുമെതിരെ ഇന്ന് മുതല്‍ കടുത്ത നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ മഞ്ചേശ്വരം മുതല്‍ തലപ്പാടി വരെയുള്ള 28 കിലോമീറ്റര്‍ ദേശീയ പാത കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം ചെങ്കള മഞ്ചേശ്വരം മധൂര്‍ പഞ്ചായത്തുകളില്‍ സമ്പര്‍ക്ക രോഗികളുടെ എണ്ണം കൂടി വരികയാണ്. കഴിഞ്ഞ ദിവസം ചെങ്കളയില്‍ മാത്രം 28 പേര്‍ക്കാണ് കൊവിഡ് സ്ഥിരികരിച്ചത്. ഇതില്‍ 27 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
അതിര്‍ത്തി കടന്ന് ദിവസപാസിലൂടെ യാത്ര ചെയ്തവരില്‍ നിന്നാണ് ഇവര്‍ക്ക് വൈറസ് ബാധയുണ്ടായതെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്. വൈറസ് ബാധിതരുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ മധൂര്‍, ചെര്‍ക്കള എന്നിവിടങ്ങളിലെ കടകളും കാസര്‍കോട് നഗരത്തിലെ മാര്‍ക്കറ്റും ഇന്ന് മുതല്‍ അടച്ചിടും.
അതേസമയം ഊടുവഴികളിലൂടെ ഇപ്പോഴും കാല്‍നടയായി കര്‍ണാടകയില്‍ നിന്നും ആളുകള്‍ ജില്ലയിലെത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ ഇത്തരത്തില്‍ വരുന്നവരെ അറസ്റ്റ് ചെയ്യാന്‍ ജില്ലാ പോലീസ് മേധാവി ഉത്തരവിട്ടുണ്ട്. കൂടുതല്‍ പോലീസുകാരെ അതിര്‍ത്തിയില്‍ വിന്യസിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
Discussion about this post