കോട്ടയ്ക്കല്‍: പ്ലസ് ടു റിസള്‍ട്ട് വന്നതൊന്നും വാര്‍പ്പു പണിക്കിടെ ജയസൂര്യ അറിഞ്ഞിരുന്നില്ല, ഒടുവില്‍ റിസള്‍ട്ട് വന്നുവെന്ന് സുഹൃത്ത് വിളിച്ചു പറഞ്ഞപ്പോള്‍ ചട്ടിയില്‍ മിക്‌സ്‌ചെയ്ത കോണ്‍ക്രീറ്റ് ചുമന്ന് മാറാക്കരയിലെ ഒരു പണിസ്ഥലത്ത് തിരിക്കിലായിരുന്നു അവന്‍.
‘ഡാ നിനക്ക് ഫുള്‍ എ പ്ലസുണ്ടെടാ’ പണിക്കിടെ കേട്ട സുഹൃുത്തിന്റെ ആ വാക്കുകള്‍ ഇപ്പോഴും ജയസൂര്യയെ കുളിരണിയിക്കുന്നു. മതിമറന്ന് തുള്ളിച്ചാടണമെന്ന് അപ്പോള്‍ തോന്നിയെങ്കിലും ചെയ്തില്ലെന്നും പണികഴിയട്ടെ, ഈ പണിയില്ലായിരുന്നെങ്കില്‍ തനിക്ക് പഠിക്കാന്‍ കഴിയുമായിരുന്നില്ലല്ലോ എന്നും അവന്‍ കരുതി.
പ്ലസ്ടുവിന് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് സ്വന്തമാക്കി തിളക്കമാര്‍ന്ന വിജയം നേടിയ ജയസൂര്യ കോട്ടയ്ക്കല്‍ രാജാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയാണ്. സ്‌കൂളിനടുത്തുതന്നെയുള്ള ക്വാര്‍ട്ടേഴ്‌സിലാണ് അച്ഛന്‍ രാജാകണ്ണനും അമ്മ ഗോവിന്ദമ്മയ്ക്കുമൊപ്പം ജയസൂര്യ താമസിക്കുന്നത്.
തമിഴ്‌നാട്ടില്‍നിന്ന് വര്‍ഷങ്ങള്‍ക്കുമുമ്പ് ഇവിടെയെത്തിയതാണ് ഈ കുടുംബം. അച്ഛന് മുമ്പ് ഒരപകടത്തില്‍ പരിക്കുപറ്റിയതാണ്. ഇതിന് ശേഷം 17 വര്‍ഷമായി എണീക്കാന്‍വയ്യാതെ കിടക്കുകയാണ് അച്ഛന്‍. പഴയ സാധനങ്ങള്‍ പെറുക്കി ജയസൂര്യയെ ഇത്രയും വളര്‍ത്തിവലുതാക്കിയത് അമ്മയാണ്.
എട്ടുമുതല്‍ രാജാസില്‍ ആയിരുന്നു പഠനം. പ്ലസ്ടുവിന് കൊമേഴ്‌സാണ് എടുത്തത്. അവധിദിവസങ്ങളിലൊക്കെ കൂലിപ്പണിക്കുപോകും. അമ്മ ഒറ്റയ്ക്കു പണിക്കുപോയിട്ട് എന്താവാനാണ്. അങ്ങനെയാണ് ജയസൂര്യയും പണിക്കിറങ്ങിയത്.
സ്‌കൂളില്‍പോകുന്നതിനുമുമ്പും രാത്രിയിലുമാണ് പഠനം. മുഴുവന്‍ എ പ്ലസും കിട്ടിയ വാര്‍ത്ത അവന്‍ ആദ്യം അച്ഛനെയും അമ്മയെയുമാണ് അറിയിച്ചത്. സ്‌കൂളിലെ അധ്യാപകര്‍ നല്ല പിന്തുണയാണുതന്നതെന്ന് ജയസൂര്യ പറഞ്ഞു. തങ്ങള്‍ക്കും പ്രിയങ്കരനാണ് ജയസൂര്യയെന്ന് അധ്യാപിക ജസിയ സാക്ഷ്യപ്പെടുത്തി. കോളേജ് അധ്യാപകനാവുകയാണ് ജയസൂര്യയുടെ ആഗ്രഹം.