കോഴിക്കോട്: നാട്ടിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികളെ ചേര്‍ത്തുപിടിച്ച് ഒരുനാട്. കുഴിമന്തി, നെയ്ച്ചോര്‍, ബീഫ് കറി തുടങ്ങി വിഭവ സമൃദ്ധമായ ഭക്ഷണമാണ് സൗജന്യമായി ക്വാറന്റീല്‍ കഴിയുന്ന പ്രവാസികള്‍ക്കായി ഒരുക്കിയത്. കോഴിക്കോട് കായക്കോടിയിലെ കുളങ്ങരതാഴയിലാണ് ഒരു വിഭാഗം ആളുകള്‍ കോവിഡ് കാലത്ത് നന്മയുടെ വെളിച്ചമാകുന്നത്.
മടങ്ങിയെത്തുന്ന പ്രവാസികളെ ഒറ്റപ്പെടുത്തുന്ന നാട്ടുകാര്‍ക്ക് മാതൃകയാണ് കുളങ്ങരതാഴയിലെ ജനങ്ങള്‍. പ്രവാസികള്‍ നാടിന്റെ വളര്‍ച്ചയ്ക്കായി നല്കിയ സംഭാവനകളെ മാനിച്ച് ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ റിലീഫ് സെല്ലാണ് വിഭവ സമൃദ്ധമായ ഭക്ഷണം സൗജന്യമായി നല്‍കുന്നത്.
വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് നാട്ടില്‍ മടങ്ങിയെത്തി വീട്ടില്‍ ഒറ്റയ്ക്ക് നിരീക്ഷണത്തില്‍ കഴിയുന്ന പ്രവാസികള്‍ക്കാണ് ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ റിലീഫ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ വിഭവ സമൃദ്ധമായ ഭക്ഷണം സൗജന്യമായി നല്‍കുന്നത്. ഇത്തരത്തില്‍ 200 പേര്‍ക്കാണ് നിലവില്‍ ഭക്ഷണം നല്കി വരുന്നത്.
ഈ ദൗത്യത്തില്‍ നാട്ടിലെ സ്ത്രീകളും ഭാഗമാണ്. സ്ത്രീകള്‍ മുന്‍കൈയെടുത്താണ് ഭക്ഷണം പാചകം ചെയ്യുന്നതും വൃത്തിയായി പായ്ക്ക് ചെയ്ത് വീടുകളില്‍ എത്തിക്കുന്നതും. ഉച്ചയ്ക്കും രാത്രി 7.45നും സന്നദ്ധപ്രവര്‍ത്തകര്‍ പ്രവാസികളുടെ വീടുകളില്‍ ഭക്ഷണം എത്തിച്ചുനല്‍കും.
നാടിന്റെ വികസനത്തിന് ഇവര്‍ നല്കിയ സംഭാവനകള്‍ മാനിച്ചാണ് നാടിന്റെ കൈത്താങ്ങ്. നാട്ടില്‍ ഏതെങ്കിലും ജീവകാരുണ്യ പ്രവര്‍ത്തനം വന്നാല്‍ ആദ്യം സഹായവുമായി ഓടിയെത്തുന്നത് പ്രവാസികള്‍ ആണെന്ന് ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ റിലീഫ് സെല്ല് ചെയര്മാന് ഇ അബ്ദുള്‍ അസീസ് പറയുന്നു. 20 ദിവസത്തോളമായി ഇത്തരത്തില്‍ പ്രവാസികള്‍ക്ക് ഭക്ഷണം സൗജന്യമായി ഇവര്‍ നല്കുന്നു.
Discussion about this post