ഇടുക്കി: കൊവിഡ് രോഗികളുടെ വിവരം കൈകാര്യം ചെയ്യുന്നതിൽ ഇടുക്കി ജില്ലയിൽ വലിയ വീഴ്ച സംഭവിച്ചതായി കണ്ടെത്തൽ. 51 രോഗികളുടെ വിവരങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ ചോർന്നു. രോഗികളുടെ പേര്, പ്രായം, ഫോൺ നമ്പർ, വിലാസം എന്നിവ ഉൾപ്പടെയുള്ള പട്ടികയാണ് സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത്. സംഭവത്തിൽ ജില്ലാ മെഡിക്കൽ ഓഫീസറോട് കളക്ടർ റിപ്പോർട്ട് തേടി. ബുധനാഴ്ച ഉച്ചയോടെയാണ് കൊവിഡ് രോഗികളുടെ വിവരങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കാൻ തുടങ്ങിയത്. ആരോഗ്യവകുപ്പിൽനിന്നാണ് പട്ടിക ചോർന്നതെന്നാണ് നിഗമനം.
ഇതിനിടെ, സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധനവുണ്ടായേക്കാമെന്ന് ഇന്ന് നടന്ന മന്ത്രിസഭായോഗത്തിൽ വിലയിരുത്തലുണ്ടായെന്നാണ് റിപ്പോർട്ടുകൾ. കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് നടന്ന യോഗത്തിലാണ് വിലയിരുത്തൽ. നിലവിൽ ഓരോ ജില്ലകളിലും 5000 രോഗികൾ വരെ ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ഇപ്പോഴുള്ള പ്രതിരോധ പ്രവർത്തനം ശക്തമാക്കണമെന്നും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.
ആഗസ്റ്റ് മാസം ആകുമ്പോഴേക്കും കേരളത്തിലെ കൊവിഡ് രോഗികളുടെ എണ്ണം 70,000 കടക്കുമെന്നാണ് മന്ത്രിസഭാ യോഗത്തിന്റെ വിലയിരുത്തൽ. സമ്പർക്കത്തിലൂടെ കൊവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് ഈ വിലയിരുത്തൽ.
Discussion about this post