കൊച്ചി: എറണാകുളത്തെ തീരപ്രദേശമായ ചെല്ലാനത്ത് കൊവിഡ് സമ്പർക്കത്തിലൂടെ അതിഗുരുതരമായ രീതിയിൽ വ്യാപിക്കുന്നു. ഇന്നലെ റിപ്പോർട്ട് ചെയ്തതിനേക്കാൾ ഇരട്ടിയോളം രോഗികൡാണ് ഇന്ന് രോഗനിർണയം നടത്തിയത്. ഇന്നലെ 20 പേർക്കാണ് രോഗം സ്ഥിരീകരിച്ചതെങ്കിൽ ഇന്നത് വർധിച്ച് 39ലേക്ക് എത്തി. അനിയന്ത്രിതമായാണ് ഓരോ ദിവസവും രോഗികളുടെ എണ്ണം ഉയരുന്നത്. നിലവിൽ കണ്ടെയ്മെന്റ് സോണാണ് ചെല്ലാനം ക്ലസ്റ്റർ.
അടിയന്തര സാഹചര്യം കണക്കിലെടുത്ത് ചെല്ലാനത്തെ ടെസ്റ്റുകളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്. 50 ബെഡുകളുള്ള ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ തുടങ്ങാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി ജില്ലാ ഇൻഫർമേഷൻ ഓഫീസർ പറഞ്ഞു. ജില്ലയിലെ സമ്പർക്കവ്യാപനം കൂടുതലുള്ള മറ്റൊരു ക്ലസ്റ്ററായ ആലുവയിൽ നിന്ന് ഇന്ന് 12 കേസുകളാണ് പോസിറ്റീവായത്. കീഴ്മാട് ക്ലസ്റ്ററിൽ നിന്ന് ഒരു കീഴ്മാട് സ്വദേശിക്കും രണ്ട് കവളങ്ങാട് സ്വദേശികൾക്കും രോഗം സ്ഥിരീകരിച്ചു. എറണാകുളത്ത് ബുധനാഴ്ച 72 പേർക്ക് രോഗം സ്ഥിരീകരിച്ചതിൽ ഏഴുപേർ മാത്രമാണ് പുറത്തുനിന്ന് വന്നവർ. ഈ കൂട്ടത്തിൽ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറും ഉൾപ്പെടും.
നിലവിൽ 474 കോവിഡ് രോഗികളാണ് എറണാകുളം ജില്ലയിലുള്ളത്. അതേസമയം, ജില്ലയിൽ ഇന്ന് 69 പേരെ ആശുപത്രികളിൽ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇതിൽ 54 പേരും കളമശ്ശേരി മെഡിക്കൽ കോളേജിലാണ്. ആശുപത്രികളിൽ നിരീക്ഷണത്തിലുണ്ടായിരുന്ന 29 പേരെ ഡിസ്ചാർജ് ചെയ്തു. വിവിധ ആശുപത്രികളിലായി ആകെ 470 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട്. 1267 പേരെ വീടുകളിൽ നിരീക്ഷണത്തിലാക്കിയപ്പോൾ 570 പേരെ ഒഴിവാക്കി.
Discussion about this post