തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ബ്രേക്ക് ദ ചെയിൻ ക്യാംപെയിൻ മൂന്നാം ഘട്ടത്തിലേക്ക് കടന്നതായി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ജീവന്റെ വിലയുള്ള ജാഗ്രത എന്ന മുദ്രാവാക്യമാണ് ഈ ഘട്ടത്തിൽ ഉയർത്തുന്നത്. കൊവിഡ് രോഗികളിൽ 60 ശതമാനം പേർ രോഗലക്ഷണമില്ലാത്തവരാണെന്നും ബ്രേക്ക് ദ ചെയിൻ ക്യാംപെയിന്റെ ഭാഗമായി ‘ആരിൽ നിന്നും രോഗം പകരാം’ എന്ന പ്രധാന ജാഗ്രതാ നിർദേശം പൊതുജനങ്ങൾക്ക് നൽകുന്നുവെന്നും മുഖ്യമന്ത്രി കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
കൊവിഡ് രോഗലക്ഷണമുള്ളവരെ പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കും. എന്നാൽ അങ്ങനെ ലക്ഷണങ്ങളില്ലാത്തവരെ തിരിച്ചറിയാനാവില്ല. ആരിൽനിന്നും രോഗം പകരാം എന്ന ജാഗ്രതാ നിർദേശം ഇതിന്റെ ഭാഗമാണ്. നമ്മൾ നിരന്തരം സമ്പർക്കം പുലർത്തുന്ന മാർക്കറ്റുകൾ, തൊഴിലിടങ്ങൾ, വാഹനങ്ങൾ, ആശുപത്രികൾ, പൊതുസ്ഥലങ്ങൾ തുടങ്ങിയ ഇടങ്ങളിൽനിന്ന് ആരിൽനിന്നും ആർക്കും രോഗം വരാം. ഒരാളിൽനിന്ന് ചുരുങ്ങിയത് രണ്ട് മീറ്റർ അകലം പാലിച്ചുകൊണ്ട് സ്വയം സുരക്ഷിതരായിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇടപഴകുന്ന എല്ലാ സ്ഥലങ്ങളിലും ചുറ്റും രണ്ടു മീറ്റർ അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ഈ സുരക്ഷിത വലയത്തിൽ നിന്നുകൊണ്ട് മാസ്ക് ധരിക്കുകയും കൈകൾ സോപ്പ്, സാനിറ്റൈസർ എന്നിവ ഉപയോഗിച്ച് അണുമുക്തമാക്കാനുമാകണം. ആൾക്കൂട്ടം ഒരു കാരണവശാലും അനുവദിക്കരുത്. മരണം കുറയ്ക്കാനായത് നമ്മുടെ ജാഗ്രത മൂലമാണ്. അതുകൊണ്ട് ജാഗ്രതക്ക് ജീവന്റെ വിലയുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
Discussion about this post