ലണ്ടന്‍: കൊവിഡ് മുക്തരായവരില്‍ ഉണ്ടാവുന്ന ആന്റിബോഡി ഏറെ നാള് നീണ്ടു നില്‍ക്കില്ലെന്ന് പഠനം. കൊവിഡ് ഭേദമായവര്‍ക്ക് മാസങ്ങള്‍ക്കുള്ളില്‍ തന്നെ പ്രതിരോധശേഷി നഷ്ടപ്പെട്ടേക്കാമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. അതുകൊണ്ട് തന്നെ അസുഖം പൂര്‍ണമായി തുടച്ചു നീക്കാന്‍ സാധിക്കില്ലെന്നും വാക്സിന് ലഭ്യമായാല്‍ എല്ലാ വര്‍ഷവും കുത്തിവെപ്പ് എടുക്കേണ്ടി വന്നേക്കാമെന്നും റിപ്പോര്‍ട്ട് പറയുന്നു.
രോഗമുക്തനായ വ്യക്തിയുടെ ശരീരത്തില്‍ 28 ദിവസം മുതല്‍ 3 മാസം വരെയുള്ള കാലയളവില്‍ ഉല്പാദിപ്പിക്കപ്പെടുന്ന ആന്റിബോഡി ശക്തമായ രോഗപ്രതിരോധശേഷി ഉള്ളതായിരിക്കും. എന്നാല്‍ ഈ ആന്റിബോഡി മൂന്ന് മാസത്തില്‍ കൂടുതല്‍ ശരീരത്തിലുണ്ടാകില്ല എന്നാണ് പുതിയ പഠനം പറയുന്നത്.
ലണ്ടനിലെ കിംഗ്സ് കോളേജാണ് പഠനം നടത്തിയത്. ശനിയാഴ്ചയാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്. 64 രോഗികളെയും 6 ആരോഗ്യപ്രവര്‍ത്തകരെയുമാണ് പഠനത്തിനായി പരിശോധിച്ചത്. വളണ്ടിയര്‍മാരില്‍ പെട്ട മറ്റ് 31 പേരെയും ഇവര്‍ നിരീക്ഷിച്ചു.
കൊവിഡ് രോഗലക്ഷണങ്ങള്‍ ഉണ്ടായി ആദ്യത്തെ മൂന്നാഴ്ചയില്‍ 90 ശതമാനം രോഗികളിലും ആന്റിബോഡികള്‍ വര്‍ധിക്കുമെങ്കിലും പിന്നീട് ഗണ്യമായി കുറയുന്ന പ്രവണതയാണ് കാണുന്നത്. 60 ശതമാനം ആളുകള്‍ക്കും രോഗബാധയുടെ സമയത്ത് ആന്റിബോഡി കൂടുതലുണ്ടാവും.
എന്നാല്‍, മൂന്ന് മാസങ്ങള്‍ക്കു ശേഷം ഈ ആന്റിബോഡി കേവലം 17 ശതമാനം ആളുകളില്‍ മാത്രമാണ് നിലനില്‍ക്കുന്നത്. ചിലരില്‍ തീരെ ആന്റിബോഡികള്‍ ഉണ്ടാവില്ലെന്നും പഠനത്തില്‍ സൂചിപ്പിക്കുന്നു. കടുത്ത അസുഖമുള്ളവരില്‍ കൂടുതല്‍ ആന്റിബോഡി ഉണ്ടാവുന്നുണ്ട്.
Discussion about this post