ചെറുതുരുത്തി: മാതൃസ്‌നേഹവും കുഞ്ഞുങ്ങളോടുള്ള വാത്സല്യവും മനുഷ്യരെ പോലെ എല്ലാ ജീവികളിലും സമാനമാണ് തെളിയിക്കുന്ന സംഭവമാണ് കഴിഞ്ഞദിവസം ചെറുതുരുത്തിയിൽ ഉണ്ടായത്. തന്റെ കുഞ്ഞുങ്ങളെ തേടി അമ്മ പന്നി അലയുന്നത് കണ്ട വനപാലകർ മറ്റൊന്നും ആലോചിക്കാതെ പിടിച്ചുകൊണ്ടുപോയ കുഞ്ഞുങ്ങളെ വിട്ടുകൊടുക്കുകയായിരുന്നു. കുഞ്ഞുങ്ങളെ തേടിയെത്തിയ തള്ളപ്പന്നി ഇതോടെ പ്രശ്‌നങ്ങളുണ്ടാക്കാതെ മടങ്ങുകയും ചെയ്തു.
ചെറുതുരുത്തി അത്തിക്കപ്പറമ്പ് കല്യാകുളം കല്ലഴികുന്നത്ത് മുഹമ്മദ് ഷെരീഫിന്റെ വീട്ടുവളപ്പിൽ കഴിഞ്ഞ ദിവസമാണ് ഈ സംഭവം അരങ്ങേറിയത്. ദിവസങ്ങൾക്ക് മുൻപാണ് ഷെരീഫിന്റെ വീട്ടുവളപ്പിൽ കാട്ടുപന്നി 8കുട്ടികളെ പ്രസവിച്ചത്. തിങ്കളാഴ്ച രാവിലെ 4കുട്ടികളെയും കൊണ്ട് പന്നി കാടുകയറുകയും ചെയ്തു. ശേഷിക്കുന്ന 4 കുട്ടികളുടെ കാര്യം വീട്ടുകാർ വനപാലകരെ അറിയിക്കുകയായിരുന്നു. ഉച്ചയ്ക്ക് വനപാലകരെത്തി പന്നിക്കുട്ടികളെ കൊണ്ടുപോയി. വൈകിട്ടോടെയാണ് തള്ളപ്പന്നി കുട്ടികളെ തെരഞ്ഞെത്തുന്നത്.
ഇതോടെ, ദിവസങ്ങൾ മാത്രം പ്രായമുള്ള മക്കളെ തേടി പന്നി അലഞ്ഞു നടക്കുന്നത് കണ്ട വീട്ടുകാർ വിവരം വനപാലകരെ അറിയിക്കുകയും വനപാലകർ പന്നിക്കുഞ്ഞുങ്ങളേയും കൊണ്ട് തിരികെയെത്തി പന്നിയുടെ അടുത്തേക്ക് വിടുകയായിരുന്നു. മായന്നൂർ ഫോറസ്റ്റ് സ്റ്റേഷനിലെ ഡപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ പി വിനോദിന്റെ നേതൃത്വത്തിലാണ് പന്നിക്കുഞ്ഞുങ്ങളെ തിരികെയെത്തിച്ചത്