കൊച്ചി: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ സമരങ്ങള്‍ വിലക്കി ഹൈക്കോടതി. കൊവിഡ് കാലത്തെ സമരം കേന്ദ്ര മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കോടതി വ്യക്തമാക്കി. 10 പേര്‍ ചേര്‍ന്ന് സമരം ചെയ്യാമെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് തെറ്റാണെന്നും ഹൈക്കോടതി പറഞ്ഞു.
കേന്ദ്ര മാനദണ്ഡം ലംഘിച്ചാല്‍ ഡിജിപിയും ചീഫ് സെക്രട്ടറിയും ഉത്തരവാദികളെന്നും കോടതി ഓര്‍മ്മിപ്പിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. സംസ്ഥാനത്തെ രാഷട്രീയ പാര്‍ട്ടികളെ എതിര്‍കക്ഷികളാക്കി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയിലാണ് ഉത്തരവ്. സമരങ്ങളില്‍ നിന്നും പ്രതിഷേധങ്ങളില്‍ നിന്നും വിട്ട് നില്‍ക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളോട് നിര്‍ദ്ദേശിക്കണമെന്നതായിരുന്നു ഹര്‍ജിയിലെ ആവശ്യം.
ഇന്നലെ ഹൈക്കോടതിയില്‍ എത്തിയ ഹര്‍ജി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. സമരങ്ങള്‍ക്കെതിരെ എന്ത് നടപടി എടുത്തുവെന്ന് സര്‍ക്കാരിനോട് കോടതി വിശദീകരണം തേടിയിരുന്നു. തുടര്‍ന്ന് ഇന്നാണ് ഹൈക്കോടതി വിഷയത്തില്‍ ഉത്തരവിട്ടത്. ഒരു തരത്തിലുള്ള സമരങ്ങളോ പ്രതിഷേധങ്ങളോ പാടില്ല എന്നാണ് ഉത്തരവ്.
Discussion about this post