കോഴിക്കോട്: തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി മലപ്പുറം വെട്ടത്തൂർ സ്വദേശി റമീസിന് മുസ്ലിം ലീഗുമായി അടുത്തബന്ധമുണ്ടെന്നും മുസ്ലിം ലീഗ് ബന്ധം അന്വേഷിക്കണമെന്നും ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ. റമീസ് ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയുടെ അടുത്ത ബന്ധുവും ബിസിനസ് പങ്കാളിയുമാണെന്നും അദ്ദേഹം ആരോപിച്ചു. റമീസ് യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഭരണസ്വാധീനമുപയോഗിച്ച് രക്ഷപ്പെട്ടതായി ആക്ഷേപമുയർന്നതാണ്.
ജീവകാരുണ്യ പ്രവർത്തനങ്ങളുടെ മറവിൽ ഗൾഫ് രാജ്യങ്ങളിൽ നിന്ന് ലീഗ് ശേഖരിക്കുന്ന പണം സ്വർണക്കടത്തിന് ഉപയോഗിക്കുന്നുവെന്ന ഗുരുതര ആരോപണമുണ്ടെന്നും പല കേസുകളും ഒതുക്കിത്തീർത്തതിന് പിന്നിൽ ബിജെപി നേതാക്കളുടെ കേന്ദ്രസർക്കാർ സ്വാധീനവും ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നും കാസിം ഇരിക്കൂർ ആരോപിച്ചു.
അതേസമയം, അറസ്റ്റിലായ റമീസിനെ എൻഐഎ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തതോടെ ആലുവ സബ് ജയിലിലേക്ക് മാറ്റി. റമീസിന്റെ വാഹനങ്ങൾ കസ്റ്റംസ് പിടിച്ചെടുത്തിട്ടുണ്ട്. സരിത്ത്, സന്ദീപ് എന്നിവരുമായി അടുത്ത ബന്ധം പുലർത്തുകയും സ്വർണ്ണം വിൽക്കുന്നതിന് ഇടനിലക്കാരനായി പ്രവർത്തിക്കുകയും ചെയ്ത വ്യക്തിയാണ് റമീസ്. നേരത്തെ, സ്വർണക്കടത്ത് കേസ്, മാൻ വേട്ട കേസുകളിലും പ്രതിയായിട്ടുള്ള വ്യക്തിയാണ് റമീസ്.
ഇയാളെ കസ്റ്റഡിയിലെടുത്ത് ഞായറാഴ്ച തന്നെ കൊച്ചിയിലെത്തിച്ച് കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. സരിത്തിന്റെ മൊഴിയനുസരിച്ചാണ് വീട്ടിൽ നിന്ന് കസ്റ്റംസ് സംഘം റമീസിനെ കസ്റ്റഡിയിലെടുത്തത്.
Discussion about this post