കോഴിക്കോട്: വിശ്വാസപരമോ രാഷ്ട്രീയപരമോ ആയ വിഷയങ്ങളില്‍ സംഘടനയുടെ അനുമതി വാങ്ങാതെ മാധ്യമങ്ങളോട് പ്രതികരിക്കരുതെന്ന് നേതാക്കള്‍ക്ക് നിര്‍ദേശവുമായി സമസ്ത. മാധ്യമങ്ങളില്‍ ചര്‍ച്ചക്ക് പോകുന്നതിന് മുന്‍പ് സമസ്തയുടെ അധ്യക്ഷനെ തന്നെ ബന്ധപ്പെട്ട് അനുമതി വാങ്ങാനാണ് പോഷക സംഘടന ഭാരവാഹികള്‍ക്ക് നിര്‍ദേശം.
എസ്.വൈ.എസ് സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി അടക്കമുള്ള ചില നേതാക്കള്‍ സമസ്തയുടെ വിലാസത്തില്‍ ടെലിവിഷന്‍ ചര്‍ച്ചകളില്‍ പങ്കെടുത്തത് സംഘടനക്ക് അവമതിപ്പുണ്ടാക്കിയിരുന്നു. ഈ വിലയിരുത്തലാണ് പുതിയ തീരുമാനത്തിന് കാരണം. സമസ്തയുടെ വിലാസത്തില്‍ ചര്‍ച്ചകളില്‍ പങ്കെടുക്കരുതെന്നും ഇവര്‍ക്ക് നിര്‍ദേശമുണ്ട്.
നാസര്‍ ഫൈസി കൂടത്തായി പങ്കെടുത്ത സംഘപരിവാര്‍ ചാനലിലെ ചര്‍ച്ചയില്‍ അവതാരകന് സമസ്ത തീവ്രവാദ സംഘടനയാണെന്ന് ആക്ഷേപിച്ചിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് മാധ്യമങ്ങളോട് പ്രതികരിക്കുന്നതിന് മുമ്പ് നേതാക്കള്‍ സമസ്തയുടെ അനുമതി വാങ്ങണമെന്ന് തീരുമാനിച്ചത്.
സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന സമസ്ത കോര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ചില കാര്യങ്ങളില്‍ മൗനം പാലിക്കുന്നതും ഒരു നിലപാടായി കണക്കാക്കണമെന്ന് യോഗത്തില്‍ ജിഫ്രി തങ്ങള്‍ പറഞ്ഞു. കര്‍മ്മശാസ്ത്രം അടക്കമുള്ള വിഷയങ്ങളില്‍ മാധ്യമങ്ങളോട് തിടുക്കപ്പെട്ട് പ്രതികരിക്കുന്നത് മൂലം സമൂഹ മധ്യത്തില്‍ സമുദായം അപമാനിക്കപ്പെടാന്‍ ഇടയാക്കിയ സാഹചര്യങ്ങളും തീരുമാനത്തിന് പിറകിലുണ്ട്.
Discussion about this post