കൊച്ചി: വാതിലും ജനലും തുറക്കരുത്, ഒരു ബക്കറ്റ് വെള്ളമെടുക്കാന്‍ മാത്രം പുറത്തിറങ്ങാം, ക്വാറന്റൈനില്‍ കഴിയുന്ന ഒരു വയോധികയ്ക്ക് വാര്‍ഡ് മെമ്പര്‍ നല്കിയ വിചിത്ര നിര്‍ദേശങ്ങളാണിത്. ബംഗളൂരില്‍ നിന്ന് എത്തി ക്വാറന്റീനില്‍ കഴിയുന്ന പദ്മിനി എന്ന വയോധികയ്ക്കാണ് ഇത്തരത്തില്‍ വാര്‍ഡ് മെമ്പര്‍ വിചിത്ര നിര്‍ദേശം നല്‍കിയത്.
അഭിഭാഷകയായ രശ്മിത രാമചന്ദ്രനാണ് ഇക്കാര്യം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്. വാതിലും ജനലും തുറക്കരുതെന്നും തുണി നനച്ച് പുറത്ത് വിരിയ്ക്കരുതെന്നും ഒരു ബക്കറ്റ് വെള്ളമെടുക്കാന്‍ മാത്രം പുറത്തിറങ്ങാമെന്നുമാണ് മെമ്പറുടെ നിര്‍ദേശം.
കുറിപ്പിന്റെ പൂര്‍ണരൂപം
അയല്‍പ്പക്കത്ത് പദ്മിനി ആന്റി ബാംഗ്ലൂരില്‍ നിന്ന് വന്ന് ക്വാന്റെയിനില്‍ ആയിട്ട് ഒരാഴ്ച കഴിഞ്ഞു. ആന്റിയ്ക്കു വേണ്ട സഹായം ചെയ്തു കൊടുക്കണമെന്ന് അമ്മ വിളിച്ചു പറഞ്ഞിരുന്നു. പക്ഷേ, ഒരാഴ്ച കഴിഞ്ഞിട്ടും ജനല്‍ പോലും തുറക്കുന്നില്ല, അമ്മയോട് നമ്പര്‍ വാങ്ങി വിളിച്ചപ്പോള്‍ പറയുകയാണ്, ‘വാതിലും ജനലും തുറക്കരുതെന്നും തുണി നനച്ച് പുറത്ത് വിരിയ്ക്കരുതെന്നും വാര്‍ഡ് മെമ്പര്‍ പറഞ്ഞു. ദിവസവും ഒരു ബക്കറ്റ് വെള്ളം എടുക്കാന്‍ മുറ്റത്തിറങ്ങിക്കൊള്ളാന്‍ പറഞ്ഞു ‘. കോവിഡ് ജാഗ്രതയില്‍ കേട്ടിട്ടില്ലാത്ത വിചിത്ര നിര്‍ദ്ദേശങ്ങള്‍!
10 സെന്റിനു മേല്‍ വിസ്തൃതിയുള്ള പുരയിടത്തിലാണ് സീനിയര്‍ സിറ്റിസണായ ആന്റി താമസിയ്ക്കുന്നത്, അയല്പക്കങ്ങളിലേക്ക് 5 മീറ്ററിലധികം ദൂരം ഉണ്ട്. അവര്‍ ജനാല തുറന്നതു കൊണ്ട് അപകടമില്ല.ഞാന്‍ ദിശയില്‍ വിളിച്ച് വിവരം പറഞ്ഞു, ആന്റിയുടെയും വാര്‍ഡ് മെമ്പറുടെയും നമ്പര്‍ നല്കി.
ദിശയില്‍ നിന്ന് കൃത്യമായി ആന്റിയെ വിളിച്ച് വാതിലും ജനാലയും തുറന്നിടാനും തുണികള്‍ അലക്കി വിരിച്ചു കൊള്ളാനും സ്വന്തം മുറ്റത്തെ കിണറ്റില്‍ നിന്ന് ആവശ്യത്തിന് വെള്ളം എടുത്തു കൊള്ളാനും പറഞ്ഞു. ആ വീട്ടില്‍ ഇന്ന് പകല്‍ സൂര്യപ്രകാശവും കാറ്റും കയറി. ക്വാറന്റെയിന് ഒരു ജാഗ്രതാ കാലയളവാണ്, ആരുടെയും തടവു ശിക്ഷയല്ല! അയല്‍പക്കങ്ങളിലിരുന്ന് ക്വാറന്റയിന്കാരെ ശ്വാസം മുട്ടിക്കാന്‍ നമുക്കാരും അനുവാദം തന്നിട്ടില്ല….
Discussion about this post