തിരുവനന്തപുരം: തിരുവനന്തപുരത്ത് സമ്പര്‍ക്ക രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ച 201 പേരില്‍ 158 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. ഇക്കൂട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകരും ഉണ്ടെന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. 19 പേരുടെ രോഗ ഉറവിടവും കണ്ടെത്താനായിട്ടില്ല.
പൂന്തുറ, പുല്ലുവിട, പൊട്ടക്കല്‍, വെങ്ങാനൂര്‍ എന്നീ ക്ലസ്റ്ററുകളില്‍ ഉള്ളവരാണ് സമ്പര്‍ക്ക രോഗികള്‍. രോഗം വ്യാപനം ശക്തമായ സാഹചര്യത്തില്‍ ചില പ്രത്യേക പ്രദേശങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. അഞ്ചുതെങ്ങ്, പാറശാല ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും പുതിയ കണ്ടെയ്ന്‍മെന്റ് സോണുകളിലും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.
അതേസമയം ആര്യനാട് ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും നിലവിലെ നില തൃപ്തികരമായതിനാല്‍ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി. ജില്ലയിലെ ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പൊതുജനങ്ങള്‍ക്കു വേണ്ട സൗകര്യങ്ങള്‍ ഒരുക്കിയെന്ന് മുഖ്യമന്ത്രി അറിയിച്ചു. മെഡിക്കല്‍ ആംബുലന്‍സ് സജ്ജമാക്കി. റേഷന്‍ വിതരണം പൂര്‍ത്തിയായി.
സംസ്ഥാനത്ത് ഇന്ന് 608 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 396 പേര്‍ക്കാണ് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചത്. 130പേര്‍ വിദേശത്തുനിന്ന് എത്തിയവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ 68 പേരാണ്.
Discussion about this post