കോഴിക്കോട്: തൂണേരിയിൽ അമ്പതോളം പേർക്ക് ആന്റിജൻ ബോഡി ടെസ്റ്റിലൂടെ കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച സംഭവത്തോടെ കോഴിക്കോട് ജില്ലയിൽ നിയന്ത്രണം കടുപ്പിച്ച് ജില്ലാ ഭരണകൂടം. തൂണേരിയിൽ രോഗം പകർന്നത് മരണവീടുകളിൽനിന്നാണെന്നാണ് വിവരം. കണ്ണൂരിലേയും കോഴിക്കോടേയും മരണവീടുകളിൽനിന്നാണ് രോഗം പടർന്നതെന്നും കളക്ടർ അറിയിച്ചു. ഈ സംഭവത്തോടെ ജില്ലയിലെ കൂടിച്ചേരലുകൾക്ക് ശക്തമായ നിയന്ത്രണം ഏർപ്പെടുത്തി.
രാഷ്ട്രീയ പാർട്ടി യോഗങ്ങളിലും പരിപാടികളിലും പത്തിൽ കൂടുതൽ ആളുകൾ പങ്കെടുക്കരുതെന്ന് ജില്ലാ കളക്ടർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പരിപാടിക്ക് പോലീസിന്റെ മുൻകൂർ അനുമതി വാങ്ങണം. വിവാഹ പരിപാടികളിൽ അമ്പതിൽ കൂടുതൽ ആളുകൾ പങ്കെടുക്കരുത്.
മരണവീടുകളിലും കർശന നിയന്ത്രണം തുടരും. 20 പേരിൽ കൂടുതൽ ആളുകളിൽ മരണവീടുകളിൽ എത്തരുത്. ജില്ല വിട്ട് പോവുന്നവർ ആർആർടിയെ അറിയിക്കണമെന്നും, ഗ്രാമപ്രദേശങ്ങളിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ നിയന്ത്രണങ്ങൾ സംഘിച്ച് എത്തുന്നവർക്കെതിരേ കർശന നടപടിയുണ്ടാവുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
തൂണേരിയിൽ 67കാരിക്കും 27കാരനും നാദാപുരത്ത് 34കാരിക്കുമാണ് കഴിഞ്ഞ ദിവസം കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യവകുപ്പിന്റെ നിർദേശം അവഗണിച്ച് കൂടുതൽ പേർ മരണവീട്ടിലേക്ക് പോയത് വിനയായിട്ടുണ്ട്. തൂണേരിയിൽ ജനപ്രതിനിധി അടക്കമുള്ളവരുടെ ആന്റിജൻ പരിശോധനാ ഫലം പോസിറ്റീവായത് ആരോഗ്യ പ്രവർത്തകരിൽ പരിഭ്രാന്തി പടർത്തിയിട്ടുണ്ട്. പുതിയ സാഹചര്യത്തിൽ കൂടുതൽ പേരെ പരിശോധനയ്ക്ക് വിധേയമാക്കാനാണ് തീരുമാനം. നിലവിൽ നാദാപുരം, തൂണേരി ഗ്രാമപ്പഞ്ചായത്തുകളാണ് കണ്ടെയ്ൻമെന്റ് സോണിലുള്ളത്.