ഷൊർണൂർ: സംസ്ഥാന എക്‌സൈസ് വകുപ്പിലെ ആദ്യത്തെ വനിതാ ഇൻസ്‌പെക്ടറായി ചുമതലയേറ്റ് ഇതുവരെയുള്ള എക്‌സൈസ് വകുപ്പിന്റെ ചരിത്രം തിരുത്തി ഒ സജിത. വനിതകൾക്ക് എക്‌സൈസ് ഇൻസ്‌പെക്ടർ പരീക്ഷ എഴുതാൻ അവസരം നൽകിയ ശേഷം നടന്ന ആദ്യ പരീക്ഷയിൽ ഒന്നാം റാങ്കുകാരിയായി വിജയിച്ച ഷൊർണൂർ ചുഡുവാലത്തൂർ അഭിനം വീട്ടിൽ ഒ സജിതയാണ് ഇന്ന് തിരൂർ എക്‌സൈസ് സർക്കിൾ ഓഫീസിൽ എക്‌സൈസ് ഇൻസ്‌പെക്ടർ ആയി ചുമതലയേറ്റത്.
എക്‌സൈസ് വകുപ്പിൽ സിവിൽ എക്‌സൈസ് ഓഫീസറായി 2014ലാണു സജിത ജോലിയിൽ പ്രവേശിക്കുന്നത്. എക്‌സൈസിൽ ആദ്യമായി വനിതകളെ നിയമിച്ചപ്പോൾ തൃശ്ശൂർ ജില്ലയിൽ നിന്നുള്ള 24 പേരിൽ ഒരാളായിരുന്നു സജിത. കഴിഞ്ഞ വർഷം എക്‌സൈസ് ഇൻസ്‌പെക്ടർ തസ്തികയിലേക്കു പൊതു പരീക്ഷ നടന്നപ്പോൾ തിരഞ്ഞെടുക്കപ്പെട്ട ഏക വനിതയുമായി. ഒരു വർഷത്തെ പരിശീലനം പൂർത്തിയാക്കി തൃശ്ശൂർ ഡപ്യൂട്ടി കമ്മീഷണർ ഓഫീസിൽ ഇന്നലെ സജിത സത്യപ്രതിജ്ഞ ചെയ്തു. കൊവിഡ് സാഹചര്യത്തിൽ പാസിങ് ഔട്ട് പരേഡ് ഉൾപ്പെടെയുള്ള ചടങ്ങുകൾ ഉണ്ടായിരുന്നില്ല.
സജിതയ്ക്ക് എക്‌സൈസ് അക്കാദമിക്കു പുറമേ, വിവിധ എക്‌സൈസ് സർക്കിൾ, റേഞ്ച് ഓഫിസുകളിലും പരിശീലനമുണ്ടായിരുന്നു. വടക്കാഞ്ചേരി റേഞ്ച് ഓഫീസിലായിരുന്നു അവസാനം. റിട്ട.റിസർവ് ബാങ്ക് ഉദ്യോഗസ്ഥൻ ഒല്ലൂർ തൈക്കാട്ടുശ്ശേരി ഔതപ്പിള്ളി ദാമോദരൻ നായരുടെയും ചേർപ്പ് സിഎൻഎൻ സ്‌കൂളിൽ പ്രധാനാധ്യാപികയായിരുന്ന കെയു മീനാക്ഷിയുടെയും മകളായ സജിത ഷൊർണൂർ സ്വദേശി അജി ഗംഗാധരന്റെ ഭാര്യയാണ്. ഷൊർണൂർ കാർമൽ സിഎംഐ സ്‌കൂളിൽ ഏഴാം ക്ലാസ് വിദ്യാർത്ഥി ഇന്ദുവാണ് മകൾ.
Discussion about this post