കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലൂടെ സ്വർണ്ണക്കടത്ത് നടത്തിയ കേസുമായി ബന്ധപ്പെട്ട് മൂന്നുപേരെ കൂടി കസ്റ്റംസ് അറസ്റ്റ് ചെയ്തു. നേരത്തെ അറസ്റ്റിലായ മലപ്പുറം സ്വദേശി റമീസുമായി ബന്ധമുള്ളവരാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്. മൂവാറ്റുപുഴ സ്വദേശി ജലാലും മറ്റു രണ്ടുപേരുമാണ് അറസ്റ്റിലായത്.
നിരവധി സ്വർണ്ണക്കടത്തു കേസുകളിലെ പ്രതികളാണ് ഇവർ. തിങ്കളാഴ്ച രാത്രിയാണ് മൂവരെയും കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തത്. രാജ്യാന്തര ബന്ധമുള്ള കള്ളക്കടത്ത് സംഘങ്ങളെ കുറിച്ചാണ് നിലവിൽ കസ്റ്റംസിന്റെയും എൻഐഎയുടെയും അന്വേഷണം. രാജ്യത്തെയും സംസ്ഥാനത്തെയും സ്വർണ്ണക്കടത്ത് നിയന്ത്രിക്കുന്ന ശൃംഖലയിലെ പ്രധാന കണ്ണിയാണ് കഴിഞ്ഞദിവസം പിടിയിലായ റമീസ്.
തിരുവനന്തപുരം, ഡൽഹി, ബംഗളൂരു വിമാനത്താവളങ്ങളിലൂടെയുള്ള കള്ളക്കടത്തുമായി ബന്ധപ്പെട്ട നിരവധി കേസുകൾ ജലീലിന് എതിരെയുണ്ട്. ഇതുവരെ കസ്റ്റംസിനോ ഡിആർഐയ്ക്കോ ഇയാളെ പിടികൂടാൻ സാധിച്ചിരുന്നില്ല. സ്വപ്ന സുരേഷും സന്ദീപും സരിത്തും ചേർന്ന് രാജ്യത്തേക്ക് എത്തിച്ച നാൽപത് കോടിയോളം വിലമതിക്കുന്ന സ്വർണ്ണം ജലാലും സംഘവുമാണ് ഇടപാട് നടത്തിയിരിക്കുന്നതെന്നാണ് കസ്റ്റംസ് കണ്ടെത്തൽ.
Discussion about this post