തിരുവനന്തപുരം: കൊവിഡ് രോഗികള്‍ക്ക് മലേറിയ മരുന്നായ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ നല്‍കുന്നതില്‍ നേരത്തെ അന്താരാഷ്ട്രതലത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ കേരളത്തില്‍ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ നല്‍കിയ കൊവിഡ് രോഗികള്‍ മറ്റു രോഗികളേക്കാള്‍ വേഗത്തില്‍ രോഗമുക്തരായെന്ന് കണ്ടെത്തല്‍.
ഈ മരുന്നിന്റെ ഉപയോഗത്തെ കുറിച്ച് അന്താരാഷ്ട്രാതലത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയരുമ്പോഴാണ് സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക് പുറത്തുവന്നത്. ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ കോവിഡിനെതിരെ ഫലപ്രദമായ മരുന്നാണെന്ന പേരില്‍ ചര്‍ച്ചകള്‍ സജീവമായിരുന്ന ആദ്യഘട്ടത്തിലെ റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്.
ആദ്യഘട്ടത്തില്‍ രോഗം ബാധിച്ച 500 രോഗികളില്‍, ഹൈഡ്രോക്‌സി ക്ലോറോക്വിനും ഒപ്പം അസിത്രോമൈസിനും നല്‍കിയ രോഗികളെയും നല്‍കാത്ത രോഗികളെയും തരംതിരിച്ച് കണക്കുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ മരുന്നുകള്‍ നല്‍കിയ രോഗികള്‍ 12 ദിവസം കൊണ്ട് ടെസ്റ്റ് നെഗറ്റീവായി.
അതേമയം, ഈ മരുന്ന് നല്‍കാത്തവര്‍ക്കാകട്ടെ കോവിഡ് നെഗറ്റിവാകാന്‍ 2 ദിവസം കൂടിയെടുത്തു. ശരാശരിയിലും വേഗത്തില്‍ രോഗമുക്തി. എല്ലാ വിഭാഗം രോഗികളിലും ഈ മാറ്റം പ്രകടമാണ്. അന്താരാഷ്ട്രതലത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയരുമ്പോഴും കേരളത്തില്‍ ഇപ്പോഴും ഹൈഡ്രോക്‌സി ക്ലോറോക്വിന്‍, അസിത്രോമൈസിന്‍ എന്നിവ ചികിത്സയുടെ ഭാഗമാണ്.
ഹൃദയസംബന്ധമായി ഉണ്ടാകാനിടയുള്ള പാര്‍ശ്വഫലങ്ങളടക്കം ബോധ്യപ്പെടുത്തി വേണം ഈ മരുന്നുകള്‍ നല്‍കാനെന്നും റിപ്പോര്‍ട്ടിലുണ്ട്. ചൈന, ഇറ്റലി എന്നീ രാജ്യങ്ങളുടെ കണക്കുകള്‍ക്കൊപ്പം താരതമ്യം ചെയ്ത് പ്രസിദ്ധീകരിച്ചിരിക്കുന്ന റിപ്പോര്‍ട്ട് രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ പ്രസക്തമാണ്.
Discussion about this post