തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി ഉയരുന്നു. പല സ്ഥലങ്ങളിലും സമ്പര്‍ക്കത്തിലൂടെ കോവിഡ് പടരുകയാണ്. ഈ സാഹചര്യത്തില്‍ നാല് ജില്ലകളില്‍ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ആരോഗ്യവകുപ്പ്.
കൂടുതല്‍ ക്ലസ്റ്ററുകള്‍ രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ആലപ്പുഴ, തൃശ്ശൂര്‍, പാലക്കാട്, കണ്ണൂര്‍ തുടങ്ങിയ ജില്ലകളിലാണ് പ്രത്യേക ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയത്. ക്ലസ്റ്ററുകള്‍ സംബന്ധിച്ച ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ടിലാണ് മുന്നറിയിപ്പ് നല്കുന്നത്.
വിവിധ ജില്ലകളിലായി രൂപപ്പെട്ട ക്ലസ്റ്ററുകള്‍ വിശകലനം ചെയ്ത് തയ്യാറാക്കിയതാണ് റിപ്പോര്‍ട്ട്. കടലോര മേഖലകള്‍, ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകള്‍, ആലപ്പുഴ ഐടിബിപി ക്യാമ്പ്, കണ്ണൂര്‍ സിഐഎസ്എഫ്, ഡിഎസ്സി ക്യാമ്പുകള്‍ തുടങ്ങിയ ഇടങ്ങളില്‍ മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കണമെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദേശം.
ഇതുവരെ സംസ്ഥാനത്ത് 51 ക്ലസ്റ്ററുകള്‍ ഉണ്ടായി. കൊല്ലത്ത് 11നും തിരുവനന്തപുരത്ത് ആറും പത്തനംതിട്ട, എറണാകുളം ആലപ്പുഴ ജില്ലകളില്‍ നാല് വീതവും ക്ലസ്റ്ററുകള്‍ രൂപപ്പെട്ടു. തിരുവനന്തപുരത്തെ പൂന്തുറ, മലപ്പുറത്തെ പൊന്നാനി എന്നിവയാണ് വലിയ ക്ലസ്റ്ററുകള്‍.
ഇതുവരെ 15 ക്ലസ്റ്ററുകള്‍ നിയന്ത്രണ വിധേയമായി എന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. സംസ്ഥാനത്ത് കഴിഞ്ഞദിവസം 449 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 144 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കം വഴിയാണ്. 162 പേര്‍ വിദേശത്ത് നിന്നും 64 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
Discussion about this post