കോടതിയില്‍ ഹാജരാകുന്നില്ല, ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം റദ്ദാക്കി; പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിച്ചു, ജാമ്യക്കാര്‍ക്കെതിരെയും കേസ്

കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം കോടതി റദ്ദാക്കി. തുടര്‍ച്ചയായി കോടതിയില്‍ ഹാജരാക്കത്തതിനെ തുടര്‍ന്നാണ് കോടതിയുടെ നടപടി. ഉടന്‍ തന്നെ കോടതിയില്‍ ഹാജരാക്കാന്‍ പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തു. ഇതിനു പുറമെ, ജാമ്യക്കാര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി. കേസ് ഓഗസ്റ്റ് 13-ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ പത്തിലേറെ തവണ കോടതി ഈ കേസ് പരിഗണിച്ചിരുന്നു. അപ്പോഴൊന്നും ബിഷപ്പ് ഹാജരായിരുന്നില്ല. നേരത്തെ ജൂണ്‍ 10-ന് ഈ കേസ് പരിഗണിച്ചപ്പോള്‍ ബിഷപ്പ് ഹൗസ് ഉള്ള പ്രദേശം കണ്ടെയിന്‍മെന്റ് സോണ്‍ ആണെന്നും അതിനാല്‍ കോടതിയില്‍ ഹാജരാവാന്‍ കഴിയില്ലെന്നുമാണ് അന്ന് ഫ്രാങ്കോ മുളയ്ക്കല്‍ പറഞ്ഞത്. എന്നാല്‍ ഇത് വാസ്തവമല്ലെന്ന് തെളിയുകയും ചെയ്തു.

തന്റെ അഭിഭാകന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെന്നും അദ്ദേഹത്തെ സന്ദര്‍ശിച്ചിട്ടുണ്ടെന്നുമായിരുന്നു ഇത്തവണ പറഞ്ഞ നല്‍കിയ വിശദീകരണം. അഭിഭാഷകന്റെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടതിനാല്‍ കോടതിയില്‍ ഹാജരാവാന്‍ കഴിയില്ലെന്ന് അഭിഭാഷകന്‍ മുഖേനെ കോടതിയെ അറിയിച്ചു. വിമാനടിക്കറ്റ് അടക്കമുള്ള തെളിവുകള്‍ പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ കോടതി ഇത് അംഗീകരിച്ചില്ല. ശേഷം പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു.

Exit mobile version