കൊച്ചി: പ്രളയകാലത്ത് സഹായവുമായെത്തിയ വ്യോമസേന ചെലവായ തുകയായ 25 കോടി രൂപ സംസ്ഥാനത്തോട് ആവശ്യപ്പെട്ട സംഭവത്തില്‍ വിശദീകരണവുമായി പ്രതിരോധ വക്താവ് ധന്യ സനല്‍. എയര്‍ ലിഫ്റ്റ് ചാര്‍ജസ് നാളെ അടച്ചു തീര്‍ത്ത് രസീത് വാങ്ങുവാനുള്ളതല്ലെന്ന് പ്രതിരോധ വക്താവ് പറയുന്നു. ഭാവിയില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുക്കള്‍ ചര്‍ച്ച് ചെയ്ത് തുക മയപ്പെടുത്തുകയോ, അടച്ചു തീര്‍ക്കുകയോ, എഴുതി തള്ളുകയോ, കൂടുതല്‍ കേന്ദ്ര സഹായം ആവശ്യപ്പെടുകയോ ഒക്കെ ചെയ്യാനുള്ള ഓപ്ഷന് മുന്നിലുണ്ട്.
സര്‍ക്കാരിലെ ഒരു സ്വാഭാവിക നടപടിയിലെ ഒന്നോ രണ്ടോ കഷണം വാക്കുകള്‍ പെറുക്കി എടുത്ത് തെറ്റിദ്ധാരണയോടെ ന്യൂസ് എഴുതുമ്പോള്‍ പ്രളയകാലത്ത് സൈന്യം ജീവന് പണയപ്പെടുത്തി നടത്തിയ റസ്ക്യൂ ഓപ്പറേഷനെ നിസ്സാരവത്കരിക്കുന്നതിന് തുല്യമാകില്ലേ എന്ന് ഓര്‍ത്തു നോക്കൂവെന്നും ധന്യ ഫേസ്ബുക്കില്‍ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
പ്രളയകാലത്ത് നടത്തിയ റസ്ക്യൂ ഓപ്പറേഷന്റെ എയര്‍ ലിഫ്റ്റിംങ്ങ് ചാര്‍ജ് ആവശ്യപ്പെട്ടത് ,വ്യോമസേന എന്തോ അരുതാത്തത് ചെയ്തു എന്ന രൂപേണ തെറ്റിദ്ധരിച്ച് ഇലക്ട്രോണിക് – പ്രിന്റ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുന്നത് ഇന്നലെ മുതല്‍ ശ്രദ്ധയില്‍ പെട്ടിരുന്നു. ഫോണിലൂടെ കാര്യത്തിന്റെ നിജസ്ഥിതി ആവശ്യപ്പെട്ടവരോട് ഇന്നലെ തന്നെ അത് കൃത്യമായി അറിയിക്കുകയും ചെയ്തിരുന്നു. എന്നിട്ടും തെറ്റിദ്ധാരണ പരത്തുന്ന രീതിയിലുള്ള വാര്‍ത്തകളും ട്രോളുകളും പരക്കുന്നത് ശ്രദ്ധയില്‍ പെട്ടപ്പോള്‍ ഇതിന്റെ നിജസ്ഥിതിയെക്കുറിച്ച് രണ്ട് വാക്ക് എഴുതാം എന്ന് കരുതി.
റസ്ക്യൂ -റിലീഫ് -വീഐപികളുടെ വ്യോമ മാര്‍ഗമുള്ള യാത്ര, തുടങ്ങിയവയ്ക്ക് വ്യോമസേനയുടെ വിമാനങ്ങളോ ഹെലികോപ്റ്ററുകളോ അതാത് പ്രദേശങ്ങളിലെ ജില്ലാ കളക്ടര്‍ ആവശ്യപ്പെടുന്നതിന് പ്രകാരം , വ്യോമസേനയിലെ മേലധികാരികളുമായി കൂടി ആലോചിച്ചതിനു ശേഷം,അതാത് പ്രദേശങ്ങളിലെ ലോക്കല്‍ ഫോര്‍മേഷനുകള്‍ അവരുടെ കൈവശമുള്ള വിമാനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുന്ന കാര്യത്തിനു വേണ്ടി വിട്ടു നല്‍കും.
കേരളത്തിലെ പ്രളയകാലത്തെ കാര്യം പരിശോധിച്ചാല്‍, സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യ പ്രകാരം , ഡല്‍ഹിയിലുള്ള എയര്‍ ഹെഡ്ക്വോര്‍ട്ടേഴ്സുമായുള്ള ചര്‍ച്ചകള്‍ക്കു ശേഷം ,കേരളത്തിലുള്ള ലോക്കല്‍ ഫോര്‍മേഷനായ ദക്ഷിണ വ്യോമസേനാ കമാന്റ് ,അതിന്റെ പരിധിയില്‍ വരുന്ന സുളൂര്‍ വ്യോമസേനാ സ്റ്റേഷനില്‍ നിന്നും വിമാനങ്ങള്‍ വിട്ടുനല്‍കി.
സര്‍ക്കാര്‍ സംവിധാനങ്ങളില്‍ ഓരോ രൂപയും അക്കൗണ്ടബിള്‍ ആണെന്ന കാര്യം എല്ലാവര്ക്കും അറിയാമല്ലോ. സംസ്ഥാനങ്ങളോ കേന്ദ്ര ഭരണ പ്രദേശങ്ങളോ വിവിധ ആവശ്യങ്ങള്‍ക്ക് സേനയുടെ വിമാനങ്ങള്‍ ഉപയോഗിക്കുമ്പോള്‍, അതിന് ഉണ്ടായേക്കാവുന്ന ചിലവ് അതാത് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത് സര്‍ക്കാര്‍ സംവിധാനങ്ങളില്‍ തികച്ചും സാധാരണ സംഭവിക്കുന്ന ഒരു എഴുത്തുകുത്ത് പരിപാടിയാണ്.
പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടം,മുക്കുന്നി മലയിലെ കാട്ടു തീ അണയ്ക്കല്‍, ഓഖി ചുഴലിക്കൊടുംങ്കാറ്റ്, തുടങ്ങിയ വിവിധ അവസരങ്ങളിലും,അക്കൗണ്ട്സ് ഡിപ്പാര്‍ട്ട്മെന്റ് എയര്‍ ലിഫ്റ്റ് ചാര്‍ജസ് ജെനറേറ്റ് ചെയ്യുകയും, അതാത് സമയങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിക്കുകയും ചെയ്ത സ്വഭാവിക നടപടി തന്നെയാണ് പ്രളയ സമയത്തെ എയര്‍ ലിഫ്റ്റ് ചാര്‍ജിന്റെ കാര്യത്തിലും സംഭവിച്ചത്.
പത്രങ്ങളും, ടെലിവിഷന്‍ ചാനലുകളും, ഓണ്‍ലൈന്‍ മാധ്യമങ്ങളും, ട്രോള്‍ ഉണ്ടാക്കുന്നവരും ‘ എയര്‍ ലിഫ്റ്റ് ചാര്‍ജ് ആവശ്യപ്പെട്ടത് ഒരു തെറ്റായ നടപടി ആയിപ്പോയി” എന്ന ഒരു വീക്ഷണ കോണില്‍ നിന്നും മനസ്സിലാക്കിയത് തെറ്റിദ്ധാരണ മൂലമായിരിക്കാം.
എയര്‍ ലിഫ്റ്റ് ചാര്‍ജസ് നാളെ അടച്ചു തീര്‍ത്ത് രസീത് വാങ്ങുവാനുള്ളതല്ല.ഭാവിയില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുക്കള്‍ ചര്‍ച്ച് ചെയ്ത് തുക മയപ്പെടുത്തുകയോ, അടച്ചു തീര്‍ക്കുകയോ, എഴുതി തള്ളുകയോ, കൂടുതല്‍ കേന്ദ്ര സഹായം ആവശ്യപ്പെടുകയോ ഒക്കെ ചെയ്യാനുള്ള ഓപ്ഷന് മുന്നിലുണ്ട്.
സര്‍ക്കാരിലെ ഒരു സ്വാഭാവിക നടപടിയിലെ ഒന്നോ രണ്ടോ കഷ്ണം വാക്കുകള്‍ പെറുക്കി എടുത്ത് തെറ്റിദ്ധാരണയോടെ ന്യൂസ് എഴുതുമ്പോള്‍ പ്രളയകാലത്ത് സൈന്യം ജീവന് പണയപ്പെടുത്തി നടത്തിയ റസ്ക്യൂ ഓപ്പറേഷനെ നിസ്സാരവല്ക്കരിക്കുന്നതിന് തുല്യമാകില്ലേ എന്ന് ഓര്‍ത്തു നോക്കൂ.
ഇനിയും അപകടങ്ങള്‍ ഉണ്ടാകല്ലേ എന്ന് പ്രാര്‍ത്ഥിക്കാം. ഉണ്ടായാല്‍ സേനയുടെ പൂര്‍ണ്ണ പിന്തുണയും ഉണ്ടാകും.അപ്പോഴും അതിന് ചിലവായ തുകയുടെ ബില്‍ ജെനറേറ്റ് ആകും എന്ന് ജനങ്ങള്‍ അറിഞ്ഞിരിക്കാന്‍ വേണ്ടിയാണ് FBയില്‍ ഇങ്ങനെ ഒരു കുറിപ്പ് എഴുതാം എന്ന് തീരുമാനിച്ചത്. സര്‍ക്കാര്‍ സംവിധാനങ്ങളിലെ സ്വാഭാവിക നടപടികളെ ഭയപ്പാടോടെ കണേണ്ടതില്ലല്ലോ
Discussion about this post