സ്‌കൂട്ടർ നിയന്ത്രണം വിട്ട് യുവതി അടിയൊഴുക്കുള്ള വെള്ളത്തിലേക്ക് വീണു; പുറകെ ചാടി രക്ഷപ്പെടുത്തി രാജു; അഭിനന്ദിച്ച് സോഷ്യൽമീഡിയ

മടിക്കൈ: വാഹനം നിയന്ത്രണംവിട്ട് വെള്ളത്തിലേക്ക് പതിച്ച യുവതിയെ സ്വന്തം ജീവൻ പണയം വെച്ച് രക്ഷപ്പെടുത്തി രാജുവെന്ന യുവാവ്. ബങ്കളം സർവീസ് സഹകരണ ബാങ്ക് എരിക്കുളം ശാഖയിലെ കലക്ഷൻ ഏജന്റ് കൂട്ടപ്പുന്നയിലെ കള്ളിപ്പാൽ എംവി സുനിത (34)യാണ് അപകടത്തിൽപ്പെട്ടത്. മടിക്കൈ പഞ്ചായത്തിലെ പുതിയകണ്ടം ചാലിലാണ് അപകടം നടന്നത്. അതിശക്തമായ അടിയൊഴുക്കുള്ള സമയത്തായിരുന്നു അപകടം.

സ്‌കൂട്ടറിൽ പാലത്തിലേക്ക് കടക്കാൻ ശ്രമിക്കവെ ഇറക്കം ഇറങ്ങുന്നതിനിടെ സ്‌കൂട്ടർ നിയന്ത്രണം വിട്ടു പാലത്തിനു തൊട്ടുമുൻപുള്ള പൊന്തക്കാട്ടിലൂടെ യുവതി ചാലിലേക്കു വീഴുകയായിരുന്നു. നീന്തൽ അറിയാത്ത സുനിത സ്‌കൂട്ടിയുമായി അടിയൊഴുക്കുള്ള ചാലിലേക്ക് നിയന്ത്രണംവിട്ട് വീഴുന്നതു കണ്ടപ്പോൾ സ്വന്തം ജീവൻനോക്കാതെ ഒഴുക്കിലേക്ക് ചാടി രാജു യുവതിയെ രക്ഷിച്ച് കരയിലേക്ക് കൊണ്ടുവരികയായിരുന്നു. രാജുവിന്റെ സന്മനസിനെ അഭിനന്ദിക്കുകയാണ് സോഷ്യൽമീഡിയ ഒന്നടങ്കം. വേൾഡ് മലയാളി സർക്കിൾ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ ഒരാളിട്ട പോസ്റ്റിലൂടെയാണ് രാജുവിന്റെ ധീരത ചർച്ചയായത്.

പിന്നീട് സംഭവം അറിഞ്ഞെത്തിയ പരിസരവാസികളും നാട്ടുകാരും ചേർന്ന് സാഹസികമായി അടിയൊഴുക്കുള്ള ചാലിൽനിന്നും സ്‌കൂട്ടി കരയിലേക്ക് എത്തിച്ചു. സംഭവത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്.

ബങ്കളം സർവീസ് സഹകരണ ബാങ്ക് എരിക്കുളം ശാഖയിലെ കളക്ഷൻ ഏജന്റായ സുനിത ബാങ്കിലേക്കു പോകവെയാണ് അപകടത്തിൽപ്പെട്ടത്.

Exit mobile version