പുൽപള്ളി: പുൽപള്ളിയിലെ ബാങ്ക് മാനേജർക്ക് കഴിഞ്ഞദിവസം കൊവിഡ് സ്ഥിരീകരിച്ചതോടെ എവിടെ നിന്നാണു രോഗം പകർന്നതെന്ന് അറിയാതെ ആരോഗ്യപ്രവർത്തകർ. ഈ മാസം 7നു വീട് നിർമ്മാണത്തിനുള്ള ഗ്രാനൈറ്റ് വാങ്ങാനായി ഇദ്ദേഹവും മറ്റൊരാളും സ്വന്തം വാഹനത്തിൽ കർണാടകയിലേക്കു പോയത്. മണിക്കൂറുകൾക്കുള്ളിൽ മടങ്ങിയെത്തുകയും ചെയ്തു. ഇതിനിടെ മുത്തങ്ങയിൽ നിന്നെടുത്ത സ്രവപരിശോധനാ ഫലം ശനിയാഴ്ചയാണെത്തിയത്. അന്നു തന്നെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. അന്നുമുതൽ ഇന്നലെ വരെ ഇദ്ദേഹത്തിന് രോഗലക്ഷണങ്ങളൊന്നുമില്ല.
അതേസമയം, ഒരു ദിവസത്തേക്ക് മാത്രം അതിർത്തി കടക്കുന്നവർ ക്വാറന്റൈനിൽ പോകണമെന്നു നിർബന്ധമില്ലെന്നാണ് ഒരു വിഭാഗം ഡോക്ടർമാരുടെ അഭിപ്രായം. തന്നോട് നിരീക്ഷണത്തിലിരിക്കണമെന്ന് ആരും പറഞ്ഞില്ലെന്നു മാനേജരും പറയുന്നു. സമൂഹമാധ്യമങ്ങളിൽ തന്നെയും കുടുംബത്തെയും വേദനിപ്പിക്കും വിധത്തിലാണു വ്യാജ പ്രചാരണങ്ങൾ നടക്കുന്നതെന്ന് സാഹിത്യകാരനും എഴുത്തുകാരനും കൂടിയായ ഇദ്ദേഹം പറയുന്നു.
കർണാടകയിൽ പോകും മുമ്പ് ഇദ്ദേഹത്തിന് രോഗം പിടിപെട്ടിട്ടുണ്ടാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്. അതേസമയം, തിരക്കേറിയ ബാങ്കിലെത്തിയ ആരിൽ നിന്നെങ്കിലും പകർന്നതാണെങ്കിൽ, പുൽപള്ളി പ്രദേശത്ത് സമൂഹവ്യാപന സാധ്യതയുണ്ട്. 3 പഞ്ചായത്തുകൾ ഈ ബാങ്കിന്റെ പ്രവർത്തന മേഖലയാണ്. മാനേജറുമായി നേരിട്ടു സമ്പർക്കത്തിലുള്ളവരുടെ പട്ടിക തൊഴിലുറപ്പ്, കുടുംബശ്രീ, വിവിധ സംഘങ്ങൾ, സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിങ്ങനെ നീളുന്നു. വാർഡ് തലങ്ങളിലും സമ്പർക്ക പട്ടിക തയാറാക്കുന്നുണ്ട്. കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കാത്തതിനു മാനേജരുടെ പേരിൽ കേസെടുത്തിട്ടുണ്ട്.
Discussion about this post