ഭര്‍ത്താവ് സംരക്ഷിക്കുന്നില്ലെന്ന് പരാതിയുമായി വീട്ടമ്മയും മക്കളും; ബിരിയാണിയും കൈനിറയെ സമ്മാനങ്ങളും നല്‍കി മടക്കി പോലീസ്, കുടുംബവഴക്കിനും പരിഹാരം

കാളിക്കാവ്: ഭര്‍ത്താവ് സംരക്ഷിക്കുന്നില്ലെന്ന പരാതിയുമായി പോലീസ് സ്‌റ്റേഷനില്‍ എത്തിയ ആദിവാസി വീട്ടമ്മയ്ക്കും മക്കള്‍ക്കും ബിരിയാണിയും കൈനിറയെ സമ്മാനങ്ങളും നല്‍കി മടക്കി അയച്ച് പോലീസ്. കുടുംബ വഴക്കിന് പരിഹാരം കൂടി കണ്ട ശേഷമാണ് ഇവര്‍ക്ക് സമ്മാനങ്ങളും മറ്റും നല്‍കിയത്.

ചോക്കാട് നാല്‍പ്പത് സെന്റ് കോളനിയിലെ ആതിരയ്ക്കും മക്കള്‍ക്കുമാണ് കാളികാവിലെ ജനകീയ പോലീസിന്റെ സ്‌നേഹ സമ്മാനവും ഭക്ഷണവും ലഭിച്ചത്. അഞ്ച് കുട്ടികളുടെ മാതാവും ഗര്‍ഭിണിയുമായ ആതിര കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് പരാതിയുമായി മക്കള്‍ക്കൊപ്പം പോലീസ് സ്‌റ്റേഷനില്‍ എത്തിയത്.

പരാതിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവ് രാജനേയും പോലീസ് വിളിപ്പിച്ചിരുന്നു. എസ്‌ഐ സികെ നൗഷാദ് രാജനുമായും ആതിരയുമായും സംസാരിച്ച് കുടുംബ പ്രശനത്തില്‍ രമ്യതയുണ്ടാക്കുകയും ചെയ്തു. ഉച്ച സമയമായതിനാല്‍ കുട്ടികള്‍ക്ക് ബിരിയാണിയും വരുത്തിച്ചതോടെ എല്ലാവരും സന്തോഷത്തിലായി. കൂടാതെ കുട്ടികളുടെ പഠനത്തിന് പോലീസുകാര്‍ നോട്ട് പുസ്തകങ്ങളും പേനയും വാങ്ങി നല്‍കുകയും ചെയ്തു.

Exit mobile version