കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകടസ്ഥലത്ത് വച്ച് തിരുവനന്തപുരം സ്വര്‍ണകടത്ത് കേസിലെ പ്രതിയായ സരിത്തിനെ കണ്ടുവെന്ന് സോബി ജോര്‍ജ്. മാധ്യമങ്ങളിലൂടെ സരിത്തിന്റെ ചിത്രങ്ങള്‍ കണ്ടപ്പോഴാണ് തിരിച്ചറിഞ്ഞതെന്നും സോബി പറഞ്ഞു. ബാലഭാസ്കറിന്റെ അപകടത്തിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘങ്ങള്‍ ഉണ്ടെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.
ഇതിന് ഇടയിലാണ് പുതിയ വെളിപ്പെടുത്തല്‍. ബാലഭാസ്ക്കറിന്റെ കാര്‍ അപകടത്തില്‍പ്പെട്ട സ്ഥലത്ത് ചില അസ്വാഭാവിക കാര്യങ്ങള്‍ ശ്രദ്ധയില്പ്പെട്ടെന്നായിരുന്നു സോബിയുടെ വെളിപ്പെടുത്തല്‍. അപകടം നടന്നതിന് പിന്നാലെ ഒരാള്‍ ഓടിപ്പോകുന്നതും മറ്റൊരാള്‍ ബൈക്ക് തള്ളിപ്പോകുന്നതും കണ്ടു. ഇരുവരുടെയും അസ്വാഭാവിക പെരുമാറ്റങ്ങളും നീക്കങ്ങളും സംശയമുണ്ടാക്കി എന്നായിരുന്നു നേരത്തെ സോബി വെളിപ്പെടുത്തിയിരുന്നത്.
അതേസമയം സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസിന്റെ കസ്റ്റഡിയിലായിരുന്ന പ്രതി റമീസിനെ പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു. ഇയാളെ ആലുവ സബ് ജയിലിലേക്ക് മാറ്റും. ഇന്ന് രാവിലെയാണ് റമീസിനെ ഈ കോടതിയില്‍ ഹാജരാക്കിയത്. റമീസിനെ കസ്റ്റഡിയില്‍ വാങ്ങുന്നതിനുള്ള അപേക്ഷ മറ്റന്നാള്‍ സമര്‍പ്പിക്കും. സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസിലും സ്വപ്ന സുരേഷിനെ പ്രതിചേര്‍ത്തു. എഫ്ഐആര്‍ പ്രകാരം സരിത്താണ് കേസിലെ ഒന്നാംപ്രതി, റമീസ് രണ്ടാം പ്രതിയും സ്വപ്ന മൂന്നാം പ്രതിയുമാണ്. സന്ദീപാണ് നാലാം പ്രതി.
Discussion about this post