കുന്നംകുളം: സ്വന്തം വീട്ടിൽ സ്ഥലപരിമിതികൾ കാരണം ക്വാറന്റൈനിൽ കഴിയാൻ ഇഠമില്ലാതെ ബുദ്ധിമുട്ടിലായ പ്രവാസി ക്ക് കൈത്താങ്ങായി ഈ വനിതാ പോലീസ് ഉദ്യോഗസ്ഥ. പ്രവാസിക്ക് സ്വന്തം വീട് നിരീക്ഷണത്തിൽ കഴിയാൻ വിട്ടുനൽകി കുന്നംകുളം പോലീസ് സ്‌റ്റേഷനിലെ വനിത ഉദ്യോഗസ്ഥയാണ് നാടിനാകെ മാതൃകയായത്. സ്‌റ്റേഷനിലെ സീനിയർ സിപിഒ ജാൻസിയാണ് പോർക്കുളത്തെ തന്റെ ഉടമസ്ഥതയിലുള്ള വീട് സ്വന്തം ചെലവിൽ വൃത്തിയാക്കി പ്രവാസിക്ക് ക്വാറന്റൈനിൽ കഴിയാനായി നൽകിയത്.
കാട്ടകാമ്പാൽ പഞ്ചായത്തിലെ പ്രവാസിക്കാണ് വാർഡ് മെംബർ മുഖേന ജാൻസി വീടൊരുക്കിയത്. പോലീസ് സ്‌റ്റേഷനിലെ ജനമൈത്രി ബീറ്റ് ഓഫിസർ കൂടിയായ ജാൻസിയെ ഫോണിൽ വിളിച്ചറിയിച്ചത് പ്രകാരമാണ് സഹപ്രവർത്തകനായ സുമേഷുമായി പ്രവാസിയുടെ വീട്ടിലെത്തി കാര്യങ്ങൾ അന്വേഷിച്ചതും നിരീക്ഷണത്തിന് ഇടമൊരുക്കിയതും.
വിദേശത്തു നിന്ന് വന്ന് ക്വാറന്റൈനിൽ ഇരിക്കുന്നവർക്ക് പാചകഗ്യാസും മരുന്നും ഭക്ഷണ കിറ്റുകളും സൗജന്യമായി എത്തിച്ചുനൽകിയും കോളനികളിൽ കുടിവെള്ളമെത്തിച്ചും കുന്നംകുളത്തെ ജനമൈത്രി ഉദ്യോഗസ്ഥ കൂടിയായ ജാൻസി സജീവമാണ്.