തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഭരണത്തില്‍ തിരുവിതാംകൂര്‍ രാജകുടുംബത്തിന് അവകാശമുണ്ടെന്ന സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് ദേവസ്വം മന്തി കടകംപള്ളി സുരേന്ദ്രന്. വിധിക്കെതിരെ സര്‍ക്കാര്‍ റിവ്യൂ ഹര്‍ജി നല്‍കില്ലെന്നും മന്ത്രി പറഞ്ഞു. ശ്രീപത്മനാഭസ്വാമി ക്ഷേത്ര കേസിലെ സുപ്രീംകോടതി വിധി മാനിക്കുക എന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. ആ വിധി നടപ്പാക്കുകയാണ് സര്‍ക്കാരിന്റെ ഉത്തരവാദിത്തമെന്നും കടകംപള്ളി പ്രതികരിച്ചു.
ശ്രീപത്മനാഭ സ്വാമി ക്ഷേത്രം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ രാജകുടുംബം സമര്‍പ്പിച്ച അപ്പീലിലാണ് രാജകുടുംബത്തിന് അനുകൂല വിധി വന്നത്. കവനന്റില്‍ ഒപ്പുവച്ച രാജാവിന്റെ മരണത്തോടെ ക്ഷേത്ര നടത്തിപ്പില്‍ രാജകുടുംബത്തിനുള്ള അവകാശം ഇല്ലാതായിട്ടില്ലെന്ന് വിധിന്യായത്തില്‍ പറഞ്ഞു.ജസ്റ്റിസുമാരായ യുയു ലളിതും ഇന്ദു മല്‍ഹോത്രയും അടങ്ങിയ ബെഞ്ചിന്റെതാണ് വിധി.
ക്ഷേത്രത്തിന്റെ ഭരണത്തിനായി ജില്ലാ ജഡ്ജിയുടെ നേതൃത്വത്തില്‍ സമിതി രൂപീകരിക്കാനുള്ള നിര്‍ദേശം കോടതി അംഗീകരിച്ചു. പുതിയ ഭരണ സംവിധാനത്തിന്റെ ഭരണഘടന തയാറാവും വരെ താല്‍ക്കാലിക സമിതി ഭരണം തുടരാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. തിരുവിതാംകൂറിലെ അവസാനത്തെ രാജാവിന് ശേഷമുള്ള ഭരണാധികാരി സംസ്ഥാന സര്‍ക്കാരാണെന്നും ക്ഷേത്രം രാജാവിന്റെ അനന്തരാവകാശിക്ക് കൈമാറാന്‍ വ്യവസ്ഥയില്ലാത്തതിനാല്‍ അത് സര്‍ക്കാരില്‍ നിക്ഷിപ്തമാകുമെന്നുമുള്ള 2011 ജനുവരിയിലെ ഹൈക്കോടതി വിധിക്കെതിരെയാണ് രാജകുടുംബം അപ്പീല്‍ നല്‍കിയത്.
പത്മനാഭസ്വാമി ക്ഷേത്രം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണം. മതേതര സര്‍ക്കാരിനു ക്ഷേത്ര നടത്തിപ്പു സാധ്യമല്ലാത്തതിനാല്‍ ഗുരുവായൂര്‍ ദേവസ്വം മാതൃകയില്‍ ട്രസ്റ്റോ നിയമാനുസൃത സമിതിയോ സ്ഥാപിച്ചു ഭരണം നടത്തണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.ക്ഷേത്രം തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ വകയാണെന്ന വാദത്തില്‍ കഴമ്പില്ലെന്നും ഹൈക്കോടതി വിധിച്ചിരുന്നു.
ക്ഷേത്രഭരണത്തില്‍ രാജകുടുംബത്തിന് അവകാശമില്ല എന്ന കേരള ഹൈക്കോടതി വിധി തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവിതാംകൂര്‍ രാജകുടുംബം സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. ക്ഷേത്രത്തിന്റെ സ്വത്തില്‍ ഒരു അവകാശവും തിരുവിതാംകൂര്‍ രാജകുടുംബം ഉന്നയിക്കുന്നില്ല. ക്ഷേത്രത്തിന്റെ ആസ്തിയും സ്വത്തും പ്രതിഷ്ഠക്ക് അവകാശ പെട്ടതാണ്. അത് നോക്കിനടത്താനുള്ള ഭരണപരമായ അവകാശമാണ് രാജകുടുംബം കോടതിയില്‍ ആവശ്യപ്പെട്ടത്.
Discussion about this post