തിരുവനന്തപുരം സ്വര്‍ണ കള്ളക്കടത്തു കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷിന്റെയും നാലാം പ്രതി സന്ദീപ് നായരുടെയും കോവിഡ്- 19 പരിശോധനാ ഫലം പുറത്തുവന്നു. ഇരുവരുടെയും ഫലം നെഗറ്റീവ് ആണ്.
അതേസമയം, കേസ് അന്വേഷിക്കുന്ന എന്‍ഐഎക്ക് ഇരുവരെയും നാളെ തന്നെ കസ്റ്റഡിയില്‍ വിട്ടുകിട്ടും. ബംഗളൂരുവില്‍ വെച്ച് കഴിഞ്ഞ ദിവസം രാത്രിയാണ് ഇരുവരെയും എന്‍ഐഎ പിടികൂടിയത്. തുടര്‍ന്ന് ഇന്ന് ഉച്ചയോടെ കൊച്ചിയിലെത്തിക്കുകയും എന്‍ഐഎ കോടതിയില്‍ ഹാജരാക്കുകയുമായിരുന്നു.
എന്‍ഐഎ പ്രത്യേക ജഡ്ജ് പി കൃഷ്ണകുമാര്‍ ഇരുവരെയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. നിലവില്‍ ഇരുവരും കോവിഡ് നിരീക്ഷണ കേന്ദ്രത്തിലാണ്. ഇരുവരെയും വെവ്വേറെ നിരീക്ഷണ കേന്ദ്രങ്ങളിലാണ് പാര്‍പ്പിച്ചത്.
സ്വപ്ന സുരേഷിനെ തൃശൂര്‍ അമ്പിളിക്കല കോവിഡ് സെന്ററിലേക്ക് മാറ്റി. സന്ദീപ് നായരെ അങ്കമാലിയിലെ കോവിഡ് കെയര്‍ സെന്ററിലാക്കി. വന്‍സുരക്ഷയാണ് രണ്ടിടത്തും ഏര്‍പ്പെടുത്തിയിരിക്കുന്നത്.