തിരുവനന്തപുരം: കൊവിഡ്- 19 അതി വ്യാപനം തടയാന്‍ സംസ്ഥാനത്തെ തീരപ്രദേശങ്ങളിലെ തീവ്ര കണ്‍ടെയിന്‍മെന്റ് സോണുകളില്‍ തിങ്കളാഴ്ച (ജൂലായ് 13 ) വൈകുന്നേരം ആറുമുതല്‍ ജൂലായ് 23 നു വൈകുന്നേരം ആറു വരെ ട്രിപ്പിള്‍ ലോക്ക്‌ഡൌണ്‍ നടപ്പാക്കും.തിരുവനന്തപുരം കോര്‍പ്പറേഷനിലെ മാണിക്യവിളാകം, പൂന്തുറ, പുത്തന്‍പള്ളി വാര്‍ഡുകള്‍, കൊല്ലത്തെ ചവറ, പന്മന ആലപ്പുഴയില്‍ പട്ടണക്കാട് , കടക്കരപ്പള്ളി, ചേര്‍ത്തല സൗത്ത്, മാരാരിക്കുളം നോര്‍ത്ത് , കോടംതുരുത്ത് , കുത്തിയതോട്, തുറവൂര്‍, ആറാട്ടുപുഴ എറണാകുളത്ത് ചെല്ലാനം, മലപ്പുറത്ത് വെളിയംകോട്, പെരുമ്പടപ്പ, പൊന്നാനി മുനിസിപ്പാലിറ്റി, താനൂര്‍ മുനിസിപ്പാലിറ്റി എന്നീ തീര മേഖലകളിലാണ് നാളെ മുതല്‍ നിയന്ത്രണം. ഇതില്‍ ചിലയിടങ്ങള്‍ ഇപ്പോള്‍ത്തന്നെ ട്രിപ്പിള്‍ ലോക് ഡൗണിലാണ്.
തീര മേഖലകളിലെ തീവ്ര കണ്‍ടെയിന്‍മെന്റ് സോണുകളില്‍ ഉള്ള കുടുംബങ്ങള്‍ക്ക് 5 കിലോ അരി സൗജന്യമായി നല്‍കും. ഈ പ്രദേശങ്ങളില്‍ അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ 7 മുതല്‍ 9 വരെ സാധനങ്ങള്‍ ശേഖരിക്കുവാനും രാവിലെ 10 മുതല്‍ വൈകിട്ട് 6 മണിവരെ വില്‍പ്പന നടത്താനും തുറന്നു പ്രവര്‍ത്തിക്കാം. പാല്‍ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ 5 മുതല്‍ 10 വരെയും വൈകിട്ട് 4 മുതല്‍ 6 വരെയും പ്രവര്‍ത്തിക്കാം. രാത്രി യാത്ര വൈകിട്ട് 7 മണി മുതല്‍ അതിരാവിലെ 5 മണി വരെ നിരോധിച്ചിട്ടുണ്ട്. റവന്യൂ, പോലീസ്, ആരോഗ്യ വകുപ്പ് എന്നിവര്‍ ഉള്‍പ്പെടുന്ന മുഴുവന്‍ സമയ റാപ്പിഡ് റെസ്പോണ്‍സ് ടീം ഈ മേഖലയില്‍ പ്രവര്‍ത്തന സജ്ജമായിരിക്കും.
ആവശ്യക്കാര്‍ക്ക് മാറി താമസിക്കാന്‍ റിവേഴ്സ് ക്വാറന്റൈന്‍ സ്ഥാപനങ്ങള്‍ സജീകരിക്കും. നിര്‍ബന്ധപൂര്‍വ്വം മാറ്റി താമസിപ്പിക്കില്ല. ഈ മേഖലകളില്‍ പ്രതിരോധം, കേന്ദ്ര സായുധ പോലീസ് സേന, ട്രഷറി, പൊതു സേവനങ്ങള്‍ (പെട്രോളിയം, സിഎന്‍ജി, എല്‍പിജി, പിഎന്‍ജി ഉള്‍പ്പെടെ), ദുരന്തനിവാരണ, വൈദ്യുതി ഉല്‍പാദന-വിതരണം, പോസ്റ്റോഫീസുകള്‍, നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്റര്‍,മുന്നറിയിപ്പ് സംവിധാനങ്ങള്‍ എന്നിവ ഒഴികെ സംസ്ഥാന / കേന്ദ്രഭരണ സര്‍ക്കാരുകളുടെ ഓഫീസുകള്‍, അവയുടെ സ്വയംഭരണ സ്ഥാപനങ്ങള്‍, കോര്‍പ്പറേഷനുകള്‍ എന്നിവ അടച്ചിടും.
ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍, പോലീസ്, ഹോം ഗാര്‍ഡുകള്‍, സിവില്‍ ഡിഫന്‍സ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ്, ജയിലുകള്‍ ജില്ലാ ഭരണം, റവന്യൂ ഡിവിഷണല്‍ ഓഫീസ്, താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ്, ട്രഷറി . വൈദ്യുതി, വെള്ളം, ശുചിത്വം എന്നീ മേഖലകള്‍ പ്രവര്‍ത്തിക്കും. ഡിസ്‌പെന്‍സറികള്‍, കെമിസ്റ്റ്, മെഡിക്കല്‍ ഉപകരണ ഷോപ്പുകള്‍, ലബോറട്ടറികള്‍, ക്ലിനിക്കുകള്‍, നഴ്‌സിംഗ് ഹോമുകള്‍, ആംബുലന്‍സ് മുതലായ പൊതു-സ്വകാര്യ മേഖലകളിലെ ആശുപത്രികളും അവയുടെ ഉല്‍പാദന, വിതരണ യൂണിറ്റുകളും ഉള്‍പ്പെടെ എല്ലാ അനുബന്ധ മെഡിക്കല്‍ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കും.
ആരോഗ്യപ്രവര്‍ത്തകര്‍ക്കു വേണ്ടിയുള്ളതും മറ്റ് ആശുപത്രി സഹായ സേവനങ്ങള്‍ക്കുമുള്ളതുമായ ഗതാഗതം അനുവദിക്കും. കണ്ടെയ്ന്‍മെന്റ് സോണില്‍ എവിടെയും നിര്‍ത്താന്‍ അനുവദിക്കില്ലെന്ന നിബന്ധനയോടെ ദേശീയപാതയിലൂടെയുള്ള ഗതാഗതം അനുവദിക്കും. എടിഎമ്മുകള്‍ അനുവദനീയമാണ്. മെഡിക്കല്‍ അടിയന്തിര സാഹചര്യങ്ങള്‍, അവശ്യവസ്തുക്കളുടെയും സേവനങ്ങളുടെയും വിതരണം നിലനിര്‍ത്തുക എന്നിവയല്ലാതെ കണ്ടെയിന്മെന്റ് സോണുകളിലേക്കോ പുറത്തേക്കോ ഉള്ള യാത്ര അനുവദിക്കില്ല.
Discussion about this post