കൊച്ചി: ചില കേന്ദ്രങ്ങളില്‍ നിന്നുണ്ടായ ദുഷ്പ്രചരണങ്ങളുടെ പേരില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ മോശം പെരുമാറ്റത്തിന് പരിഹാരം ചെയ്ത പൂന്തുറയിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്. ഇന്ന് കൊവിഡ് ഡ്യൂട്ടിക്കായി പൂന്തുറയിലെത്തിയ ആരോഗ്യപ്രവര്‍ത്തകരെ പുഷ്പവൃഷ്ടി നടത്തിയാണ് പ്രദേശവാസികള്‍ വരവേറ്റത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി ജനങ്ങള്‍ക്ക് നന്ദി അറിയിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മുഖ്യമന്ത്രി നന്ദി അറിയിച്ചത്.
ഫേസ്ബുക്ക് പോസ്റ്റ്:
ഇന്നു രാവിലെ സോഷ്യല്‍ മീഡിയയിലും ടിവി ചാനലുകളിലും മനോഹരമായ ഒരു ദൃശ്യം കണ്ടു. പൂന്തുറ നിവാസികള്‍ പൂക്കള്‍ വിതറി ആരോഗ്യ പ്രവര്‍ത്തകരെ വരവേല്‍ക്കുന്ന കാഴ്ചയായിരുന്നു അത്. അതു കണ്ടപ്പോള്‍ ആഹ്ലാദവും ആശ്വാസവും തോന്നുകയുണ്ടായി. സൂപ്പര്‍ സ്പ്രെഡിനെത്തുടര്‍ന്ന് കര്‍ശനമായ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടി വന്ന പൂന്തുറ, മാണിക്യവിളാകം, പുത്തന്‍തോപ്പ് വാര്‍ഡിലെ ജനങ്ങളെല്ലാം കേരളത്തിന്റെ കൊവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി തുടക്കം തൊട്ടു തന്നെ മികച്ച രീതിയില്‍ സഹകരിച്ചു വന്നവരായിരുന്നു. ചില ദുഷ്ടശക്തികള്‍ തെറ്റിദ്ധാരണ പരത്തി ആ പ്രവര്‍ത്തനങ്ങളുടെ താളം തെറ്റിക്കാന്‍ ശ്രമിച്ചു. അതിനെയെല്ലാം തള്ളിക്കളഞ്ഞ് പൂര്‍ണ മനസ്സോടെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സര്‍ക്കാരിനുമൊപ്പം നില്‍ക്കുകയാണ് ജനങ്ങള്‍ ചെയ്തിരിക്കുന്നത്.
സര്‍ക്കാരിനെ വിശ്വാസത്തിലെടുക്കാനും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാനും തയ്യാറായ എല്ലാ പൂന്തുറ നിവാസികളോടും ഹാര്‍ദ്ദമായി നന്ദി പറയുന്നു. ഈ മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയെ മറികടക്കാന്‍ നമുക്ക് ഒത്തൊരുമിച്ചു മുന്നോട്ടു പോകാം. ആ പോരാട്ടത്തില്‍ നിങ്ങള്‍ക്കു മുന്നില്‍ സര്‍ക്കാരുണ്ട്.
Discussion about this post