അന്ന് പ്രതിഷേധമെങ്കില്‍ ഇന്ന് പുഷ്പവൃഷ്ടി; പൂന്തുറയില്‍ എത്തിയ ആരോഗ്യപ്രവര്‍ത്തകരെ വരവേറ്റ് നാട്ടുകാര്‍, ഇത് മോശം പെരുമാറ്റം നടത്തിയതിനുള്ള പരിഹാരം

തിരുവനന്തപുരം; അന്ന് പ്രതിഷേധം നടത്തിയെങ്കില്‍ പുഷ്പവൃഷ്ടി നടത്തി അതിന് പരിഹാരം കണ്ടിരിക്കുകയാണ് പൂന്തുറ. പ്രദേശത്ത് എത്തിയ ആരോഗ്യപ്രവര്‍ത്തകരെ പുഷ്പവൃഷ്ടിയുമായി സ്വീകരിക്കുകയാണ് നാട്ടുകാര്‍. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ മോശം പെരുമാറ്റത്തിന് പരിഹാരമാണ് ഈ നടപടി.

കൊവിഡ് വ്യാപനം ശക്തമായ പൂന്തുറയില്‍ ജോലിക്കെത്തിയ ആരോഗ്യപ്രവര്‍ത്തകരെ തൊടാനും അവരുടെ നേരെ ചുമയ്ക്കാനും തുപ്പാനും ശ്രമമുണ്ടായത് ദേശീയതലത്തില്‍ തന്നെ ചര്‍ച്ചയായിരുന്നു. പിന്നാലെയാണ് വന്‍ വരവേല്‍പ്പ് നല്‍കി നാട്ടുകാര്‍ രംഗത്തെത്തിയത്. കൊവിഡിനെതിരെ മാസങ്ങളായി പോരാടുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ മോശം പെരുമാറ്റം പൂന്തുറയ്ക്ക് ചീത്തപ്പേര് വാങ്ങി നല്‍കുകയും ചെയ്തു.

ഈ സാഹചര്യത്തിലാണ് പ്രദേശത്തെ വൈദികരടക്കം മുന്‍കൈയ്യെടുത്ത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വന്‍ സ്വീകരണമൊരുക്കിയത്. അതേസമയം പൂന്തുറ പ്രതിഷേധത്തില്‍ രാഷ്ട്രീയവിവാദം കൊഴുക്കുകയാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും പോലീസിനുമെതിരെ രംഗത്തിറക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി ആരോപിച്ചിരുന്നു. ആരോഗ്യമന്ത്രിയും രൂക്ഷമായാണ് സംഭവത്തില്‍ പ്രതികരണം അറിയിച്ചത്.

Exit mobile version