ഗാന്ധിനഗര്‍: ആശുപത്രിയില്‍ അമ്മയുടെ പരിചാരിക എട്ടുവയസ്സുകാരി മകളാണ്. അമ്മയെ മാത്രമല്ല, കോട്ടയം മെഡിക്കല്‍ കോളേജ് ഗൈനക്കോളജി വിഭാഗം നഴ്സറിയില്‍ കഴിയുന്ന കുഞ്ഞനുജനെയും പരിചരിക്കുന്നത് അപര്‍ണയാണ്. അമ്മയ്ക്കും അനുജനും വേണ്ടി കഷ്ടപ്പെടുന്ന ആ കൊച്ചുപെണ്‍കുട്ടി ആശുപത്രിയിലുള്ള ജീവനക്കാരുടെയും പതിവായി അവിടെയെത്തുവരുടെയും മനസ്സ് നിറച്ചു.
പ്രസവശേഷം രണ്ടുമാസത്തിലധികമായി ചികിത്സയിലായിരുന്നു, വെണ്ണിക്കുളം തടിയൂര്‍ പുല്ലോലിക്കല്‍ ബിനുഭവനില്‍ ഷൈജന്റെ ഭാര്യ അര്‍ച്ചന. അരയ്ക്കുതാഴെ തളര്‍ച്ചയും എല്ലാമായപ്പോള്‍ അര്‍ച്ചനയ്ക്ക് എഴുന്നേല്‍ക്കാന്‍പോലും സാധിക്കാതായി. വാടകയ്ക്ക് താമസിച്ചിരുന്ന ഇവരെ സഹായിക്കാന്‍ ബന്ധുക്കളും തയ്യാറായില്ല.
അച്ഛന് ഷൈജന്‍ ആശുപത്രിയില്‍ പുറത്ത് കാവലായുണ്ട്. പക്ഷേ സ്ത്രീകള്‍ക്കുമാത്രം പ്രവേശനമുള്ള സ്ഥലമായതിനാല്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ല. ഇതോടെ ആശുപത്രിയില്‍ അമ്മയുടെയും കുഞ്ഞനുജന്റേയും പരിചാരിക എട്ടുവയസ്സുകാരി അപര്‍ണയായി.
പ്രത്യേക പരിചരണവിഭാഗത്തിലുള്ള അമ്മയുടെയടുത്തുനിന്ന് അമ്മിഞ്ഞപ്പാല് പാത്രത്തിലെടുത്ത് നഴ്സറിയിലെ അനുജനടുത്തേക്ക് എത്തിക്കുന്നത് അപര്‍ണയാണ്. മരുന്നുമേടിക്കലും, പരിശോധനാഫലങ്ങളും കാന്റീനില്‍നിന്ന് ഭക്ഷണം വാങ്ങിയെത്തിക്കലും എല്ലാം ആ കൊച്ചുപെണ്‍കുട്ടി തന്നെ.
ഈസമയം ഒന്നുകില്‍ അനിയനെ ഉറക്കിക്കിടത്തിയിട്ട് പോകും; അല്ലെങ്കില്‍ ഒപ്പം കൂട്ടും. അപര്‍ണയുടെ ബുദ്ധിമുട്ടുകള്‍ അറിഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥ രാജശ്രീ, ജിവനക്കാരന് ഷാഹുല്‍ ഹമീദ്, തുടങ്ങി സഹായവുമായി വലിയ സംഘം തുണയായി.
അര്‍ച്ചനയെ ഡിസ്ചാര്‍ജുചെയ്ത് വീട്ടില്‍ തിരികെയെത്തുമ്പോള്‍, അപര്‍ണയുടെ പഠനം സുഗമമാക്കാന്‍ ഗാന്ധിനഗര്‍ റോട്ടറി ക്ലബ്ബ് ടി.വി സമ്മാനമായി നല്കി. വെള്ളിയാഴ്ച ഗൈനക്കോളജി വിഭാഗം മേധാവി ഡോ. ലിസിയമ്മ ജോര്‍ജിന്റെയും മറ്റുജീവനക്കാരുടെയും സാന്നിധ്യത്തില്‍ ഗാന്ധിനഗര്‍ റോട്ടറി ക്ലബ് പ്രസിഡന്റ് അഡ്വ. എം.ജെ.മാണി, പി.കെ.അഭിലാഷ്, സെക്രട്ടറി സുധീഷ് നമ്പ്യാര്‍ എന്നിവര്‍ ചേര്‍ന്ന് കൈമാറി.
Discussion about this post