ന്യൂഡല്‍ഹി: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഭരണം സംബന്ധിച്ച കേസില്‍ സുപ്രീം കോടതി തിങ്കളാഴ്ച വിധി പറയും. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഭരണസമിതി എങ്ങനെയായിരിക്കണം, ആര്‍ക്കായിരിക്കണം ഭരണ സമിതിയില്‍ അവകാശം, തിരുവിതാംകൂര്‍ രാജ കുടുംബത്തിന്റെ അവകാശം എന്തായിരിക്കണം, സര്‍ക്കാരിന്റെ പങ്ക്, തുടങ്ങിയ കാര്യങ്ങളിലാകും വിധി പറയുക.
ജസ്റ്റിസ് മാരായ യുയു ലളിത്, ഇന്ദു മല്‍ഹോത്ര എന്നിവര്‍ അടങ്ങിയ ബെഞ്ച് ആണ് വിധി പ്രസ്താവിക്കുന്നത്. ക്ഷേത്രം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ തിരുവിതാംകൂര്‍ രാജകുടുംബം നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി പരിഗണിച്ചത്.
തിരുവിതാംകൂറിലെ അവസാനത്തെ രാജാവിനു ശേഷമുള്ള ഭരണാധികാരി സംസ്ഥാന സര്‍ക്കാരാണെന്നും ക്ഷേത്രം രാജാവിന്റെ അനന്തരാവകാശിക്കു കൈമാറാന്‍ വ്യവസ്ഥയില്ലാത്തതിനാല്‍ അതു സര്‍ക്കാരില്‍ നിക്ഷിപ്തമാകുമെന്നും 2011 ജനുവരി 31 ലെ വിധിയില്‍ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് ഹര്‍ജിക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചത്. ക്ഷേത്ര ഭരണത്തിനു ഗുരുവായൂര്‍ മാതൃകയില്‍ ബോര്‍ഡ് രൂപീകരിക്കാമെന്നു സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
Discussion about this post