കൊച്ചി: കാലാഹരണപ്പെട്ടവയെ ഒഴിവാക്കുമ്പോൾ രണ്ടുവട്ടം ആലോചിക്കുക. കാലങ്ങൾക്ക് ശേഷം അവയ്ക്ക് ലക്ഷക്കണക്കിന് രൂപയുടെ മൂല്യം വന്നേക്കാം. അതിശയോക്തിയല്ല, പറഞ്ഞുവരുന്നത് ഓൺലൈൻ ഷോപ്പിങ് സ്റ്റോറായ ഫ്ളിപ് കാർട്ടിലെ 20 പൈസയുടെ വിലയെ കുറിച്ചാണ്. 2011ൽ വിനിമയം നിർത്തലാക്കിയ ’20 പൈസ’ നാണയത്തിന്റെ ഇപ്പോഴത്തെ വില കേട്ട് ഞെട്ടിയിരിക്കുകയാണ് സകലരും. ‘86,349’ രൂപ കൊടുത്താൽ ഫ്ളിപ് കാർട്ടിൽ നിന്നും 20 പൈസയെ സ്വന്തമാക്കാം. 1986ൽ പുറത്തിറക്കിയ 20 പൈസയാണ് 34 വർഷങ്ങൾക്കു ശേഷം വലിയ തുകയ്ക്ക് വിൽക്കാനിട്ടിരിക്കുന്നത്.
ഹൈദരാബാദ് മിന്റ് മാർക്കുള്ള അപൂർവമായ നാണയം എന്ന പേരിലാണ് ഓൺലൈൻ കച്ചവടം. നിർമ്മാണം 1997ൽ നിർത്തിയിരുന്നെങ്കിലും 2011ൽ ആണ് 20 പൈസ നാണയം റിസർവ് ബാങ്ക് ഔദ്യോഗികമായി പിൻവലിച്ചത്. ഇതോടൊപ്പം 10, 25 പൈസ നാണയങ്ങളും പിൻവലിച്ചിരുന്നു. നിലവിൽ 50 പൈസയിൽ താഴെയുള്ള നാണയങ്ങൾ രാജ്യത്ത് വിനിമയത്തിൽ ഇല്ല.
1982ൽ ആയിരുന്നു 20 പൈസ വിപണിയിൽ എത്തിയത്. അതേസമയം 1984ൽ പുറത്തിറക്കിയ 10 പൈസ നാണയത്തിന് ഫ്ളിപ്കാർട്ടിൽ 50 ശതമാനം ഓഫർ കഴിച്ച് 99 രൂപ നൽകിയാൽ മതി. 1968ലെ 5 പൈസ നാണയത്തിനും സമാന വിലയാണ്.
Discussion about this post