തിരുവനന്തപുരം: പൂന്തുറ പോലീസ് സ്റ്റേഷനിലെ ജൂനിയർ എസ്ഐയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ നാലിന് ജൂനിയർ എസ്ഐയുടെ ഉൾപ്പെടെ നാൽപ്പതിലേറെ പോലീസുകാരുടെ സ്രവം പരിശോധനയ്ക്കായി എടുത്തിരുന്നു. പിന്നീട് വെള്ളിയാഴ്ചയാണ് ജൂനിയർ എസ്ഐയുംടെ ഫലം കൊവിഡ് പോസിറ്റീവാണെന്ന റിപ്പോർട്ട് ലഭിച്ചത്. രാത്രി പത്തു മണിയോടെ ഇദ്ദേഹത്തെ ആശുപത്രിയിലേക്കു മാറ്റി.
അതേസമയം, സ്രവമെടുത്ത ശേഷം തുടർച്ചയായി ആറു ദിവസവും ഇദ്ദേഹം ഡ്യൂട്ടിയിലുണ്ടായിരുന്നുവെനന്ത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ദിവസങ്ങൾക്കു മുൻപ് പോലീസുകാരുടെ സ്രവം പരിശോധനയ്ക്കായി എടുത്തെങ്കിലും ഇവർ ഡ്യൂട്ടിയിൽ തുടരുകയായിരുന്നു. പരിശോധനാഫലം പോസിറ്റീവായതോടെ ജൂനിയർ എസ്ഐയുമായി ഇടപഴകിയ പോലീസുകാരുൾപ്പെടെയുള്ളവരോട് നിരീക്ഷണത്തിൽ പോകാൻ നിർദേശിച്ചിട്ടുണ്ട്. 50 പേരാണ് ഇദ്ദേഹത്തിന്റെ പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ളത്. പത്ത് പോലീസുകാരോടാണ് നിലവിൽ നിരീക്ഷണത്തിൽ പോകാൻ സ്റ്റേഷൻ എസ്ഐ നിർദ്ദേശിച്ചിരിക്കുന്നത്. ബാക്കിയുള്ളവർ ഡ്യൂട്ടിയിൽ തുടരുകയാണ്.
കൊവിഡ് സ്ഥിരീകരിച്ച ജൂനിയർ എസ്ഐ വെള്ളിയാഴ്ച കുമരിച്ചന്ത ജങ്ഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്നു. നഗരത്തിലെ അതിതീവ്ര കണ്ടെയ്ൻമെന്റ് പ്രദേശങ്ങളിൽ ഒന്നാണ് പൂന്തുറ. ഇവിടെ ജനങ്ങൾ കഴിഞ്ഞദിവസം പ്രോട്ടോക്കോൾ ലംഘിച്ച് പ്രതിഷേധം സംഘടിപ്പിച്ച് ആരോഗ്യപ്രവർത്തകരേയും പോലീസിനേയും കുഴക്കിയിരുന്നു. ഇതിന് പിന്നാലെയാണ് എസ്ഐയ്ക്ക് കൊവിഡ് പോസിറ്റീവ് ഫലം വന്നതും. ഇതോടെ പോലീസുകാർ കൂടുതൽ ആശങ്കയിലായിരിക്കുകയാണ്. ശനിയാഴ്ച സ്റ്റേഷനിൽ അണുനശീകരണം നടത്തും. കഴിഞ്ഞ ദിവസം പൂന്തുറയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന കൺട്രോൾ റൂം എസ്ഐയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
Discussion about this post