കൊച്ചി: വളരെ അത്യപൂർവ്വമായ ‘പി നൾ’ രക്തഗ്രൂപ്പുള്ള അനുഷ്ക ഒടുവിൽ മറ്റൊരാളുടെ രക്തം സ്വീകരിക്കാതെ തന്നെ ശസ്ത്രക്രിയയെ മറികടന്നു. രക്തം നൽകാതെ തന്നെ എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്ന അഞ്ചു വയസ്സുകാരിയുടെ ശസ്ത്രക്രിയ പൂർത്തീകരിച്ചു. കുട്ടിയുടെ തന്നെ രക്തം ശേഖരിച്ചതിനു ശേഷമാണ് ശസ്ത്രക്രിയ നടത്തിയതെന്ന് ഡോക്ടർമാർ അറിയിച്ചു. കുട്ടിയുടെ ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണെന്ന് കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ പ്ലാസ്റ്റിക് സർജറി, ഹെഡ് ആൻഡ് നെക് സർജറി ചെയർമാനും പ്രൊഫസറുമായ ഡോ. സുബ്രഹ്മണ്യ അയ്യർ അറിയിച്ചു.
വ്യാഴാഴ്ചയാണ് ശസ്ത്രക്രിയ നടത്തിയത്. ഗുരുതര ശസ്ത്രക്രിയ ആയിരുന്നു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർ പറഞ്ഞു. ഗുജറാത്തിൽ ജോലി ചെയ്തിരുന്ന മലപ്പുറം സ്വദേശി സന്തോഷ് നായരുടെ മകളാണ് അഞ്ചുവയസുകാരി അനുഷ്ക. 2019 ജൂലായിൽ ഗുജറാത്തിൽ വെച്ച് കളിക്കുന്നതിനിടെ വീടിന്റെ ടെറസിൽനിന്നു വീണ് തലയ്ക്ക് ഗുരുതര പരിക്കേൽക്കുകയായിരുന്നു. കുട്ടി 25 ദിവസത്തോളം വെന്റിലേറ്ററിലായിരുന്നു. ഭക്ഷണത്തിലൂടെ രക്തത്തിലെ കൗണ്ട് കൂട്ടിയാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരിച്ചുപിടിച്ചത്.
ഗുജറാത്തിലെ ആശുപത്രിയിൽ ചികിത്സിച്ചിരുന്നെങ്കിലും പിന്നീട് അണുബാധയുണ്ടാവുകയായിരുന്നു. തുടർന്ന് ഏപ്രിൽ 23നാണ് കുട്ടിയെ അമൃതയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത്. കുട്ടിയുടെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ‘പി നൾ’ രക്തദാതാവിനെ അന്വേഷിച്ചുള്ള സന്ദേശങ്ങൾ കഴിഞ്ഞ രണ്ട് ദിവസമായി സാമൂഹിക മാധ്യമങ്ങളിൽ സജീവമായിരുന്നു.
പി നൾ ഗ്രൂപ്പ് എന്നാൽ:
‘പി,പി 1, പികെ ആന്റിജെനുകളുടെ സാന്നിധ്യം അടിസ്ഥാനമാക്കിയുള്ള പി. ബ്ലഡ് ഗ്രൂപ്പ് വളരെ അപൂർവമാണ്. അനുയോജ്യമായ ഒരു യൂണിറ്റ് രക്തം കിട്ടാൻ ബുദ്ധിമുട്ടാണ്. കേരളത്തിലെ ഒരു ബ്ലഡ് ബാങ്കിനും നിലവിൽ രക്തത്തിന്റെ തരം നിർണയിക്കാനുള്ള സംവിധാനമില്ല. 25 വർഷത്തെ ബ്ലഡ് ബാങ്ക് പരിചയത്തിൽ ഇത്തരമൊരു കേസ് വന്നിട്ടില്ല.’ -ഡോ. എൻ വിജയകുമാർ ഐഎംഎ ബ്ലഡ് ബാങ്ക് ആലുവ
Discussion about this post