തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് പടര്‍ന്നുപിടിക്കുകയാണ്. ദിനംപ്രതി നൂറുകണക്കിനാളുകള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. കൊവിഡ് വ്യാപനം സംസ്ഥാനത്ത് ഗുരുതര സാഹചര്യം സൃഷ്ടിച്ചിരിക്കുന്ന ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസും ബിജെപിയുമടക്കം രാഷ്ട്രീയപാര്‍ട്ടികള്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
കോവിഡ് കാലത്ത് രാഷ്ട്രീയപാര്‍ട്ടികള്‍ സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടികളെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഡോ.പി എസ് ജിനേഷ്. കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത പ്രതിഷേധങ്ങള്‍ വലിയ പ്രത്യാഘാതമുണ്ടാക്കുമെന്ന് ഇന്‍ഫോ ക്ലിനിക് പ്രതിനിധി കൂടിയായ ജിനേഷ് പറയുന്നു.
ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പ്രക്ഷോഭം സംഘടിപ്പിക്കും എന്നാണ് ചെന്നിത്തലയും മുല്ലപ്പള്ളിയും പറയുന്നത്. ജനാധിപത്യപരമായി പ്രതിഷേധിക്കാന്‍ ഉള്ള എല്ലാ അവകാശവും നിങ്ങള്‍ക്കുണ്ട്. പക്ഷേ ഈ കോവിഡ് കാലത്ത് ആള്‍ക്കൂട്ടം സൃഷ്ടിച്ചുകൊണ്ടുള്ള പ്രതിഷേധങ്ങള്‍ ആത്മഹത്യാപരമാണെന്നും നിങ്ങളെ വിശ്വസിച്ച് പ്രതിഷേധത്തിനിറങ്ങുന്ന പാവം മനുഷ്യരെ കൊലയ്ക്ക് കൊടുക്കരുതെന്നും അദ്ദേഹം പറഞ്ഞു.
കുറിപ്പിന്റെ പൂര്‍ണരൂപം
പ്രക്ഷോഭം സംഘടിപ്പിക്കും എന്ന് പറയുന്ന ചെന്നിത്തലയോടും മുല്ലപ്പള്ളിയോടും തന്നെ,
ജനാധിപത്യപരമായി പ്രതിഷേധിക്കാന്‍ ഉള്ള എല്ലാ അവകാശവും നിങ്ങള്‍ക്കുണ്ട്. പക്ഷേ ഈ കോവിഡ് കാലത്ത് ആള്‍ക്കൂട്ടം സൃഷ്ടിച്ചുകൊണ്ടുള്ള പ്രതിഷേധങ്ങള്‍ ആത്മഹത്യാപരമാണ്. നിങ്ങളെ വിശ്വസിച്ച് പ്രതിഷേധത്തിനിറങ്ങുന്ന പാവം മനുഷ്യരെ കൊലയ്ക്ക് കൊടുക്കരുത്.
തെരഞ്ഞെടുപ്പാണ് നിങ്ങളുടെ വിഷയമെങ്കില്‍ നിലവിലെ സാഹചര്യം വഷളായാല്‍ തെരഞ്ഞെടുപ്പ് യഥാസമയം നടക്കണം എന്ന് നിര്‍ബന്ധമൊന്നുമില്ല. ശാസ്ത്രീയമായ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിച്ച് ജാഗ്രത പുലര്‍ത്തി മുന്നോട്ടുപോയാല്‍ കോവിഡ് വ്യാപനം തടയാം. തെരഞ്ഞെടുപ്പും നടക്കും, മത്സരിക്കുകയും ചെയ്യാം.
അതല്ല ഇതിനുമുന്‍പ് നടത്തിയതുപോലെ മാസ്ക് കഴുത്തില്‍ കെട്ടി, ശാരീരിക അകലം പാലിക്കാതെയുള്ള ആള്‍ക്കൂട്ടങ്ങള്‍ ആണ് ഉദ്ദേശിക്കുന്നതെങ്കില്‍ എല്ലാം പിടിവിട്ടു പോകും. സുരക്ഷിതരായി ജീവിച്ചിരുന്നാലേ തെരഞ്ഞെടുപ്പൊക്കെ മുന്നിലുണ്ടാവൂ എന്നോര്‍ത്താല്‍ നന്ന്.
ഒരു കാര്യങ്ങളിലും പ്രതിഷേധിക്കരുത് എന്നല്ല പറയുന്നത്. ഇത് മാറിയ കാലമാണ്. കോവിഡ് മൂലം ജീവിതം ആകെ മാറിയ കാലം. പ്രതിഷേധിക്കേണ്ട വിഷയങ്ങളില്‍ മാറിയ രീതിയില്‍ പ്രതിഷേധിക്കാന്‍ ശ്രമിക്കണം. എന്തിനും ഏതിനും കൊടിപിടിച്ച് തെരുവിലിറങ്ങാന്‍ പറ്റിയ കാലമല്ലിത്. അതുകൊണ്ട് കാര്യമാത്രപ്രസക്തമായ വിഷയങ്ങളില്‍ മാത്രം പുതിയ രീതികള്‍ കണ്ടുപിടിച്ച് പ്രതിഷേധിക്കാന്‍ ശ്രമിക്കൂ…
നേതാക്കളോട് പറഞ്ഞിട്ട് വലിയ പ്രയോജനം ഉണ്ടാകും എന്ന് കരുതുന്നില്ല.
അതുകൊണ്ട് ഈ ആഹ്വാനമൊക്കെ കേട്ട് തെരുവിലിറങ്ങാന്‍ പോകുന്നവര്‍ ഒന്നാലോചിക്കുക. നിങ്ങളുടെ ജീവനും ആരോഗ്യവും വിലയേറിയതാണ്…
കൂടുതലൊന്നും പറയാനില്ല.
Discussion about this post