കൊച്ചി: അഞ്ചു വയസ്സുകാരിയുടെ ശസ്ത്രക്രിയക്കായി വേണ്ടത് അത്യപൂര്‍വ ബ്ലഡ് ഗ്രൂപ്പ്. അമൃത ആശുപത്രിയില്‍ ചികിത്സയിലുള്ള അനുഷ്ക സന്തോഷ് എന്ന കുഞ്ഞിനാണ് പിപി അഥവാ ‘പി നള്‍’ ഫെനോടൈപ്പ് രക്ത ഗ്രൂപ്പ് ആവശ്യമായിട്ടുള്ളത്. ഇന്ത്യയില്‍ ഇതുവരെ രണ്ട് പേരില്‍ മാത്രം കണ്ടെത്തിയിട്ടുള്ള രക്തം കണ്ടെത്താന്‍ നാട്ടുകാരും ആരോഗ്യപ്രവര്‍ത്തകരും കൈകോര്‍ത്തിരിക്കുകയാണ്.
രക്തം കണ്ടെത്താന്‍ ഓള് ഇന്ത്യ തലത്തില്‍ തിരച്ചില്‍ തുടരുകയാണ്. 2018 ല്‍ മണിപ്പാല്‍ കസ്തൂര്‍ബാ മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്കെത്തിയ ആളുടെത് ‘പി നള്‍’ ഫെനോടൈപ്പ് ആണെന്ന് കണ്ടെത്തിയിരുന്നു. അനുഷ്കയ്ക്കായി ഇദ്ദേഹത്തിന്റെ രക്തത്തിനായുള്ള സാധ്യതകള്‍ പരിശോധിച്ചെങ്കിലും എബിഒ ചേര്‍ച്ചയില്ലാത്തതിനാല്‍ ആ ശ്രമം ഉപേക്ഷിച്ചു.
അതിനിടെ ഇതുമായി ബന്ധപ്പെട്ടുള്ള വ്യാജ പ്രചരണങ്ങളും നടക്കുന്നുണ്ട്. ഈ ബ്ലഡ് ഗ്രൂപ്പിനെ കുറിച്ച് അറിയാത്ത പലരും ഇങ്ങനെ ഒന്നില്ലെന്ന് പറഞ്ഞ് പരത്തിയെന്ന് ബ്ലഡ് ഡോണേഴ്സ് കേരളയുടെ സംഘാടകരില്‍ ഒരാളായ ഫിലിപ്പോസ് മത്തായി പറഞ്ഞു. കുഞ്ഞിന് ശസ്ത്രക്രിയ കഴിഞ്ഞുവെന്നും ഇനി രക്തം ആവശ്യമില്ലെന്നും വ്യാജപ്രചാരണമുണ്ടായെന്നും ഫിലിപ്പോസ് മത്തായി വ്യക്തമാക്കി.
മലപ്പുറം സ്വദേശിയായ മാതാപിതാക്കളുടെ മകളാണ് അനുഷ്ക. ഇവര്‍ ഗുജറാത്തിലാണ് സ്ഥിര താമസമാക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണതിനെ തുടര്‍ന്ന് കുഞ്ഞിന്റെ തലയ്ക്ക് സാരമായി പരുക്കേറ്റിരുന്നു. ഇതേ തുടര്‍ന്നാണ് ശസ്ത്രക്രിയക്ക് നിര്‍ദേശിച്ചത്. രണ്ട് ഘട്ടമായിട്ടാണ് ശസ്ത്രക്രിയ. ഇന്നലെ ആദ്യഘട്ടമായി പ്ലാസ്റ്റിക് സര്‍ജറി നടത്തിയിരുന്നു. തലയോട്ടിയുടെ ഭാഗങ്ങള്‍ ചേര്‍ക്കുക എന്നുള്ളതാണ് അടുത്തഘട്ടം. അതിനായാണ് രക്തം ആവശ്യമായിട്ടുള്ളത്.
Discussion about this post