തിരുവനന്തപുരം: ലഡാക്കിലെ ഇന്ത്യ-ചൈനീസ് സംഘർഷത്തിൽ പങ്കെടുത്ത് ചൈനയെ തുരത്തിയോടിച്ച ഓർമ്മകളുമായി മലയാളി സൈനികൻ എസ് ശ്യാംലാൽ നാട്ടിലെത്തി.
ഇൻഡോ ചൈന അതിർത്തിയായ കിഴക്കൻ ലഡാക്കിൽ നിയന്ത്രണ രേഖയോടു ചേർന്നുള്ള ഗൽവാൻ താഴ്‌വരയിൽ കഴിഞ്ഞ മാസം 15 ന് നടന്ന ഏറ്റുമുട്ടലിൽ ശത്രു പാളയത്തിലെത്തി, വിജയം കൈവരിച്ച ബിഹാർ 16 റജിമെന്റിലെ ധീരയോദ്ധാക്കളിൽ ഒരാളാണ് വെൺപകൽ പുള്ളറക്കോണം ‘തിരുവാതിര’യിൽ, നായിക് എസ് ശ്യാംലാൽ(31).
കണ്ണുകളിൽ ഇപ്പോഴുംതെളിയുന്നത് വീരമൃത്യു വരിച്ച സഹപ്രവർത്തകരുടെ മുഖങ്ങളാണെന്നു ശ്യാംലാൽ പറയുന്നു. ആണി തറച്ച ബേസ്‌ബോൾ ബാറ്റും ഇരുമ്പു കമ്പി ചുറ്റിയ ദണ്ഡുമായി ചൈനീസ് സേന ആക്രമിച്ചതിന്റെ പരുക്കുകളാണു ശ്യാം ലാലിന്റെ ശരീരത്തിൽ നിറയെ.”ആണി തറച്ച ബേസ് ബോൾ ബാറ്റും ഇരുമ്പു കമ്പി ചുറ്റിയ ദണ്ഡുമായി ചൈനീസ് സേന. അടിച്ചും ഇടിച്ചും കല്ലെറിഞ്ഞും അവർ ഇന്ത്യൻ സൈനികരുടെ ആത്മവീര്യം കെടുത്താൻ നോക്കി. പക്ഷേ, കയ്യിൽ കിട്ടിയതുപയോഗിച്ച് ഞങ്ങൾ ശത്രുവിനെ അടിച്ചോടിച്ചു. രാജ്യത്തിന്റെ ഒരിഞ്ചു ഭൂമി പോലും വിട്ടു കൊടുക്കില്ല ഞങ്ങൾ…”- ശൗര്യത്തോടെ ശ്യാംലാൽ പറയുന്നു.
”കഴിഞ്ഞ മാസം 15 ന് വൈകിട്ട് 5 മുതൽ പിറ്റേ ദിവസം 3 വരെയാണു ഏറ്റുമുട്ടലുണ്ടായത്. ഞങ്ങൾ 800 പേരുണ്ടായിരുന്നു. എന്ത് അത്യാഹിതം ഉണ്ടായാലും വിജയിച്ചേ മടങ്ങൂ എന്നും, ശത്രുവിനെ തുരത്തിയോടിക്കണം എന്നുമായിരുന്നു ഞങ്ങൾക്കു ലഭിച്ച നിർദേശം. ഉറ്റ സഹപ്രവർത്തകർ പലരും നഷ്ടമായതിന്റെ വേദനയുണ്ട്. പക്ഷേ ശത്രുവിനെ തുരത്താൻ ഞങ്ങൾക്കു കഴിഞ്ഞു. ഇൻഫൻട്രി ബറ്റാലിയൻ കമാൻഡർ കൂടിയായ കേണൽ സന്തോഷ് ബാബുവിന്റെയും സഹപ്രവർത്തകരുടെയും വേർപാട് ഏറെ വേദനിപ്പിച്ചു. അതേക്കുറിച്ചു കൂടുതലൊന്നും പറയാനാകില്ല…” ശ്യാംലാൽ പറയുന്നു.
പരേതനായ ശശിധരൻ നായർ-കലാദേവി ദമ്പതികളുടെ രണ്ടു മക്കളിൽ ഇളയവനായ ശ്യാം ലാൽ 12 വർഷം മുൻപാണു സൈന്യത്തിൽ പ്രവേശിച്ചത്. 2 വർഷമായി ലഡാക്കിലാണ് നിയമനം. ലഡാക്കിലെ സർവീസ് ജീവിതം കഴിഞ്ഞ് ഹൈദരാബാദിലേക്കു മടങ്ങാൻ ഒരുങ്ങുമ്പോഴാണു ലഡാക്കിലെ സംഘർഷത്തിൽ രാജ്യാതിർത്തിക്ക് കാവൽ നിൽക്കേണ്ടി വന്നത്.
സേനയുടെ പ്രത്യേക വിമാനത്തിൽ കഴിഞ്ഞ മാസം 24 ന് തിരുവനന്തപുരത്ത് എത്തിയ ശ്യാംലാൽ വെൺപകലിലെ സ്വന്തം വീട്ടിൽ ക്വാറന്റൈനിലായിരുന്നു. ബുധനാഴ്ച, ക്വാറന്റൈൻ കാലാവധി കഴിഞ്ഞതിനെ തുടർന്ന് തറവാട് വീട്ടിലേക്കു മടങ്ങി. റജിമെന്റിൽ നിന്നു അറിയിപ്പു ലഭിക്കുന്നതു വരെ നാട്ടിൽ തുടരും. പരേതനായ പിതാവ് എസ് ശശിധരൻ നായർ ഹവിൽദാരായിരുന്നു. ശ്യാംലാലിന്റെ മൂത്ത സഹോദരൻ ശരത് പഞ്ചാബ് റെജിമെന്റിൽ ഹവിൽദാരാണ്. രേഷ്മയാണ് ശ്യാംലാലിന്റെ ഭാര്യ. നിരഞ്ജൻ, സമൃദ്ധി എന്നിവർ മക്കൾ.
Discussion about this post