ആലപ്പുഴ: പ്രളയത്തില്‍ അഭയം തേടിയ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്നും ഇന്നും അവള് പടിയിറങ്ങിയിട്ടില്ല. പ്രളയജലം ഇറങ്ങി വീട്ടുകാര്‍ തിരികെ പോയപ്പോള്‍ കൊണ്ടുപോകാന്‍ മറന്നതാകാം ഈ സുന്ദരി പട്ടിയെ. ആരോരുമില്ലാതായെങ്കിലും പട്ടിണി കിടക്കേണ്ട ആവശ്യമൊന്നും ഈ പോമറേമിയന് പട്ടിക്കില്ല. ജീവനക്കാരുണ്ട് ഇവളെ ഊട്ടാന്‍.
ആലപ്പുഴ കെഎസ്ആര്‍ടിസി ഡിപ്പോയിലെത്തുന്നവര്ക്ക് കൗതുക കാഴ്ചയാവുകയാണ് അരികില്‍ വന്ന് വാലാട്ടി സ്നേഹം കാണിക്കുന്ന ഈ പട്ടി. ജീവനക്കാര്‍ ഊണുകഴിക്കുമ്പോള്‍ ഇവള്‍ക്കും നല്‍കും ഒരു പങ്ക്. സ്നേഹം തോന്നുന്നവര്‍ പഫ്സും ബിസ്കറ്റുമൊക്കെ വാങ്ങി നല്‍കും. വിളിക്കാന്‍ പേരുപോലുമില്ലെങ്കിലും ജീവനക്കാര്‍ക്കു കൂട്ടാണ് ഈ പോമറേനിയന്‍ പട്ടി. നല്ല ഇണക്കവും പരിശീലനവും തോന്നിക്കുന്ന പട്ടി രണ്ടുമാസത്തോളമായി ഇവിടെയുണ്ട്. ആരെയും കടിക്കാറില്ല. ഇഷ്ടം തോന്നിയാല്‍ വാലാട്ടി നില്‍ക്കുമെന്നും ഡിപ്പോയിലെ ജീവനക്കാര്‍ പറയുന്നു.
ഡിപ്പോയിലെ ജനറേറ്റര്റൂമില് കിടന്നു കറുത്ത പുക കാരണം നിറം മാറിപ്പോയി. ഇപ്പോള്‍ പോമറേനിയന്‍ ഇനമാണെന്നു കണ്ടാല്‍ തോന്നില്ല, എന്നാലും സ്നേഹത്തിന് ഒരു കുറവും വന്നിട്ടില്ല ഈ പട്ടിക്ക്.
‘കുട്ടനാട്ടിലെ ഏതോ കുടുംബത്തിനൊപ്പം 2 മാസം മുന്‍പ് ഇവിടേക്കു വന്നതാ. അവര്‍ തിരികെ പോയപ്പോ ഇവളെ മറന്നുപോയതാകണം. എന്തായാലും എല്ലാവര്ക്കും വളരെ ഇഷ്ടമാ’- കണ്ടക്ടര്‍ വടക്കനാര്യാട് തമ്പകച്ചുവട് സ്വദേശി എന്‍ രാജേഷ് പറഞ്ഞു.
സ്നേഹത്തോടെ എന്നും ഓമനിക്കുന്നതു കൊണ്ടാകാം വനിതാ കണ്ടക്ടര്‍ പാതിരപ്പള്ളി സ്വദേശിനി മഞ്ജുഷയോടാണു കൂടുതല്‍ ഇഷ്ടം. മഞ്ജുഷയുടെ ബാഗില്‍ നിത്യവുമുണ്ടാകും ഇവള്‍ക്കുവേണ്ടി ഒരു പൊതിച്ചോറ്. അവധി ദിവസങ്ങളില്‍ ഭക്ഷണം സഹപ്രവര്‍ത്തകരെയോ അടുത്ത കടക്കാരെയോ ചുമതലപ്പെടുത്തും.
സ്റ്റാന്‍ഡിലെ തിരക്കൊഴിഞ്ഞ തെക്കേ ഇടനാഴിക്കടുത്ത് ഇവള് ഊണുകഴിച്ചു നില്ക്കുമ്പോള് മഞ്ജുഷ ഡ്യൂട്ടിക്കു പോയാല്‍ ഭക്ഷണം മതിയാക്കി അവളും പിന്നാലെ പോകും. ഉച്ചയ്ക്ക് പുളിങ്കുന്നു റൂട്ടിലേക്കു പോകാനുള്ള തിരക്കിലാകും മഞ്ജുഷ. കാണാതെ പോയില്ലെങ്കില്‍ ബസില്‍ ചാടി കയറാനും ശ്രമിക്കും. അവകാശികളായി ആരും എത്താത്തതിനാല്‍ വീട്ടില്‍കൊണ്ടുപോയി വളര്‍ത്താന്‍ താല്പര്യമുണ്ടെന്നും മഞ്ജുഷ പറയുന്നു.