തിരുവനന്തപുരം: സൂപ്പര്‍ സ്പ്രെഡിനെ തുടര്‍ന്ന് അതീവ ഗുരുതരമായ സാഹചര്യം നിലനില്‍ക്കുന്ന തിരുവനന്തപുരം പൂന്തുറയില്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് നാട്ടുകാരുടെ പ്രതിഷേധം. കൊവിഡ് പടരുന്നു എന്നത് വ്യാജ പ്രചരണമെന്ന് ആരോപിച്ച് നാട്ടുകാര്‍ തെരുവില്‍ ഒത്തുകൂടി. ഭക്ഷണ സാധനങ്ങള്‍ വാങ്ങാന്‍ പോലീസ് അനുവദിക്കുന്നില്ലെന്ന് പറഞ്ഞാണ് നാട്ടുകാര്‍ തെരുവില്‍ ഒത്തുകൂടിയത്.
ഇവര്‍ പോലീസിന് നേരെ പ്രതിഷേധിക്കുകയാണ്. പൂന്തുറ മാത്രമല്ല മാണിക്യവിളാകത്തും വലിയ പള്ളിയിലും എല്ലാം കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടും പൂന്തുറ വാര്‍ഡില്‍ മാത്രം കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയെന്നും അവശ്യ സാധനങ്ങള്‍ പോലും കിട്ടാനില്ലെന്നുമാണ് നാട്ടുകാരുടെ ആക്ഷേപം . തൊട്ടടുത്ത പ്രദേശത്തെ കടകളില്‍ പോയി സാധനങ്ങള്‍ വാങ്ങാന്‍ പോലും പോലീസ് അനുമതി നല്‍കുന്നില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
സമ്പര്‍ക്കത്തിലൂടെയുളള രോഗവ്യാപനം ഉയര്‍ന്നതോടെയാണ് പുന്തൂറയില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. അടുത്തടുത്ത് ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന തീരദേശമേഖലയാണ്. അതുകൊണ്ട് രോഗവ്യാപന സാധ്യത വളരെ കൂടുതലാണെന്നാണ് ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും വിലയിരുത്തുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് പൂന്തുറയില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയത്. നിലവില്‍ 500 ലധികം പോലീസുകാരാണ് പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത്. രോഗവ്യാപനത്തിന്റെ ഗൗരവം കണക്കിലെടുത്ത് കമാന്‍ഡോകളെയും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.
Discussion about this post