ആലുവ: ചികിത്സയിലിരിക്കെ മരിച്ചെന്ന് കരുതി സംസ്‌കാരിക്കാനിക്കാൻ തീരുമാനിച്ച യുവാവിന്റെ ‘മൃതശരീരത്തിൽ’ നിന്നും ജീവന്റെ തുടിപ്പ് കണ്ടെത്തി ഫോട്ടോ ഗ്രാഫർ. പോലീസ് ഇൻക്വസ്റ്റ് തയാറാക്കുന്നതിനിടെയാണ് യുവാവിന്റെ ശരീരത്തിൽ ജീവനുള്ളതായി ഫോട്ടോഗ്രാഫർ കണ്ടെത്തിയത്. പാലക്കാട് സ്വദേശിയായ യുവാവ് ഇപ്പോൾ തൃശ്ശൂരിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അബോധാവസ്ഥ തരണം ചെയ്തിട്ടില്ല. ശ്വാസകോശത്തിനും വൃക്കകൾക്കും അണുബാധയുണ്ട്. ചുണങ്ങംവേലിയിലെ ആശുപത്രിയിൽ നിന്നു ഡിസ്ചാർജ് വാങ്ങി വീട്ടുകാർ കൂട്ടിക്കൊണ്ടു പോകുകയായിരുന്നു.
കാൽനൂറ്റാണ്ടായി പോലീസിനു വേണ്ടി മൃതദേഹങ്ങളുടെയും പോസ്റ്റ്‌മോർട്ടത്തിന്റെയും ചിത്രമെടുക്കുന്ന ഫോട്ടോഗ്രഫർ ആലുവ സ്വദേശി ടോമി തോമസാണ് തന്റെ ജീവിതത്തിലെ തന്നെ അപൂർവ്വമായ അനുഭവം പങ്കുവെയ്ക്കുന്നത്. ”കമഴ്ന്നു കിടന്ന ശരീരം നിവർത്തിക്കിടത്തി മുഖത്തു വെള്ളം തളിച്ചപ്പോൾ നേർത്ത ഞരക്കം പോലെ. അൽപം ജീവൻ അവശേഷിക്കുന്നതായി തോന്നി. മുറിക്കുള്ളിലുണ്ടായിരുന്ന എഎസ്‌ഐയോടു വിവരം പറഞ്ഞു.
സൂക്ഷിച്ചു നോക്കിയപ്പോൾ അദ്ദേഹത്തിനും സംശയം. അതോടെ ഇൻക്വസ്റ്റ് അവസാനിപ്പിച്ചു. അപ്പോൾ ആംബുലൻസ് എത്തിയിരുന്നില്ല. മൃതദേഹം കയറ്റാൻ വേണ്ടിയായതിനാൽ ഇൻക്വസ്റ്റ് കഴിയുമ്പോഴേക്കും വരാം എന്നാണു പറഞ്ഞിരുന്നത്. ആൾക്കു ജീവനുണ്ടെന്നു പറഞ്ഞ് അവരെ വേഗം വരുത്തുകയായിരുന്നു. ആദ്യം ചെന്ന ആശുപത്രിയിൽ പരിശോധിച്ച ശേഷം മടക്കി. രണ്ടാമത്തെ ആശുപത്രിയിലാണ് പ്രാഥമിക ചികിത്സ ലഭിച്ചത്”- യുവാവിന്റെ രക്ഷകനായ ടോമി പറഞ്ഞു.
ആലുവ പുഴയിൽ സ്വാമി ശാശ്വതീകാനന്ദയുടെ ദുരൂഹ മരണം, ആറംഗ കുടുംബത്തെ ഇല്ലാതാക്കിയ മാഞ്ഞൂരാൻ കൂട്ടക്കൊല തുടങ്ങി ഒട്ടേറെ സംഭവങ്ങളുടെ മഹസ്സറും ഇൻക്വസ്റ്റും പകർത്തിയത് ടോമിയാണ്. ടോമിയുടെ ഇത്തരം അനുഭവങ്ങൾ കോർത്തിണക്കി ഇൻക്വസ്റ്റ് എന്ന പേരിൽ സിനിമ ഇറക്കാൻ ശ്രമമുണ്ട്. സുഹൃത്തായ ഡോക്ടറുടേതാണ് തിരക്കഥ. ഷൂട്ട് തുടങ്ങാനിരിക്കെയാണ് ലോക്ക്ഡൗൺ വന്നത്.
Discussion about this post