തിരുവനന്തപുരം: സ്കൂള്‍ തുറക്കാത്ത സാഹചര്യത്തില്‍ പ്രീ പൈമറി മുതല്‍ എട്ടാം ക്ലാസ്സുവരെയുള്ള കുട്ടികള്‍ക്ക് അരിയും ഒമ്പതിന പലവ്യഞ്ജനങ്ങളും അടങ്ങുന്ന ഭക്ഷ്യകിറ്റ് വിതരണം ചെയ്യും. മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലെ ഭക്ഷ്യകിറ്റാണ് വിതരണം ചെയ്യുക.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ വിതരണം ചെയ്യുന്ന ഭക്ഷ്യകിറ്റിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിച്ചു. സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിലെ 26,26,763 കുട്ടികള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഭക്ഷ്യകിറ്റ് വിതരണ പദ്ധതിക്ക് കേന്ദ്ര വിഹിതമുള്‍പ്പെടെ 81.37 കോടി രൂപയാണ് ചെലവ്. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് മാര്‍ച്ച് മാസത്തില്‍ 15 ദിവസത്തേക്ക് സ്കൂളുകള്‍ അടച്ചിടേണ്ടിവന്നു. ആ ദിവസങ്ങളും ഏപ്രില്‍ മെയ് മാസങ്ങളിലെ അവധി ദിവസങ്ങളുമൊഴിവാക്കിയതിനു ശേഷമുള്ള 39 ദിവസങ്ങള്‍ക്കുള്ള ഭക്ഷ്യഭദ്രതാ അലവന്‍സാണിപ്പോള്‍ കുട്ടികള്‍ക്ക് നല്‍കുന്നത്.
രക്ഷിതാക്കള്‍ വഴിയാണ് ഭക്ഷ്യകിറ്റുകള്‍ വീടുകളില്‍ എത്തിക്കുക. ജൂണ്‍, ജൂലൈ മാസങ്ങളിലെയും ഭക്ഷ്യകിറ്റുകളും ഇതേ രീതിയില്‍ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. അതേസമയം, ഓണ്‍ലൈന്‍ സൗകര്യം ലഭിക്കാതെ ഏതെങ്കിലും കുട്ടികള്‍ ഇനിയും ഉണ്ടെങ്കില്‍ വിദ്യാഭ്യാസ വകുപ്പിന്റെ ശ്രദ്ധയില്‍പെടുത്തിയാല്‍ അടിയന്തര പരിഹാരം ഉണ്ടാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Discussion about this post